അനധികൃത മീൻപിടിത്തം: ബോട്ടുകളും തോണികളും പിടികൂടി
text_fieldsബേപ്പൂർ: നിയമവിരുദ്ധമായി ചെറുമത്സ്യം വ്യാപകമായി പിടിച്ചതിനും കടൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും ഏഴ് മത്സ്യബന്ധന വള്ളങ്ങളും രണ്ട് ബോട്ടും പിടികൂടി. ബേപ്പൂർ മുതൽ ചോമ്പാലവരെ ജില്ലയിലെ തീരമേഖലയിൽ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് അധികൃതരുടെ സംയുക്ത പരിശോധനയിലാണ് ഇവ പിടിക്കപ്പെട്ടത്.
ചോമ്പാലയിൽ അൽമുബാറക്ക്, യശോദാമ്മ , ബിസ്മി, അമ്മേ ഭഗവതി, കടലുണ്ടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബർക്കത്ത്, കോടിക്കൽ സ്വദേശികളുടെ മഹാലക്ഷ്മി, അമ്മേ നാരായണ എന്നീ തോണികളും ബേപ്പൂരിലെ ഹറമെയ്ൻ, ആയിഷ എന്നീ ബോട്ടുകളുമാണ് പിടിച്ചെടുത്തത്. ഇവർക്കെതിരെ കേരള മറൈൻ ഫിഷറീസ് ആക്ട് പ്രകാരം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ. സുധീർ കിഷൻ ഒരു ലക്ഷം രൂപ പിഴ ചുമത്തി.
ടൺകണക്കിന് പിടിച്ചെടുത്ത ചെറിയ ചെമ്പാൻ അയല മത്സ്യം അനധികൃതമെന്ന് കണ്ടതിനാൽ കടലിൽ ഒഴുക്കിക്കളഞ്ഞു. നിശ്ചിത വലിപ്പത്തിൽ കുറവുള്ള മത്സ്യം പിടിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിലക്കുണ്ട്. നിയമം ലംഘിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ഒന്നിച്ച് പിടിച്ചെടുത്ത് അയൽ സംസ്ഥാനങ്ങളിലെ കോഴിത്തീറ്റ, വളം തുടങ്ങിയവയുടെ നിർമാണ കമ്പനികൾക്കായി കയറ്റി അയക്കുകയാണ്.
ജീവൻരക്ഷാ ഉപകരണങ്ങൾ മത്സ്യബന്ധന യാനങ്ങളിൽ നിർബന്ധമാണ്. ഇത് പാലിക്കപ്പെടാത്തതിനാണ് രണ്ട് ബോട്ടും രണ്ട് വള്ളവും പിടിച്ചെടുത്തത്.ഫിഷറീസ് അസി. ഡയറക്ടർ ആർ. ജുഗുനു, മറൈൻ എൻഫോഴ്സ്മെൻറ് എസ്.ഐ. എ.കെ. അനീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.