അനധികൃത മീൻപിടിത്തം; രണ്ടു ബോട്ടുകൾ പിടികൂടി
text_fieldsബേപ്പൂർ: നിയമാനുസൃത പെർമിറ്റ് ഇല്ലാതെ കേരള കടൽത്തീരത്ത് പ്രവേശിച്ചതിനും നിരോധിത മത്സ്യബന്ധന വലയായ പെലാജിക്ക് വല സൂക്ഷിച്ചതിനും രണ്ട് യന്ത്രവൽകൃത ബോട്ടുകൾ കസ്റ്റഡിയിലെടുത്തു. എറണാകുളം മുനമ്പം പി.സി. ഔസേപ്പ് പനക്കലിന്റെ ഉടമസ്ഥതയിലുള്ള 'വ്യാകുലമാത' ബോട്ടും മംഗളൂരു ഉള്ളാളം മൊഹിയുദ്ദീന്റെ ഉടമസ്ഥതയിലുള്ള കർണാടക രജിസ്ട്രേഷൻ 'സീബാസ്' ബോട്ടുമാണ് ബേപ്പൂർ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്.
കടലിൽ പെട്രോളിങ് നടത്തവെ മറൈൻ എൻഫോഴ്സ്മെന്റ് വിങ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് പി. ഷൺമുഖൻ, ഫിഷറീസ് ഗാർഡ് കെ. അരുൺ, റെസ്ക്യൂ ഗാർഡ് സുമേഷ് എന്നിവർ ചേർന്നാണ് ബോട്ടുകൾ പിടികൂടിയത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീഷിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി രണ്ടരലക്ഷംരൂപ വീതം പിഴ ഈടാക്കുകയും ബോട്ടിൽ ഉണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം ലേലം ചെയത് സർക്കാറിലേക്ക് അടവാക്കുകയും ചെയ്തു.
കേരള കടൽത്തീരത്ത് അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാന യാനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ വി. സുനീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.