മത്സ്യബന്ധനം സുരക്ഷിതമാക്കാൻ നൂതന പദ്ധതി
text_fieldsബേപ്പൂർ: മത്സ്യബന്ധനം സുരക്ഷിതമാക്കുന്നതിന് തടി ബോട്ടുകൾ ഇരുമ്പുബോട്ടാക്കി മാറ്റുന്നതിനുള്ള നൂതന പദ്ധതിയുമായി സംസ്ഥാന ഫിഷറീസ് വകുപ്പ്. മരനിർമിത ബോട്ടുകളെ സ്റ്റീൽ ഹള്ളുള്ള ബോട്ടുകളാക്കി മാറ്റിക്കൊണ്ട് ശീതീകരണ സംവിധാനം, ഐസ് നിർമിത യൂനിറ്റ്, ബയോ-ടോയ്ലറ്റ് എന്നീ അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. രാജ്യാന്തര വിപണിയിൽ ഗുണനിലവാരമുള്ള മത്സ്യത്തിന്റെ ലഭ്യതയും ഇതിലൂടെ ഉറപ്പുവരുത്താനാകും.
യന്ത്രവത്കൃത തടിബോട്ടുകളിലാണ് ഇവ സജ്ജമാക്കുക. ജില്ലയിൽ നിലവിൽ മത്സ്യബന്ധനം നടത്തുന്ന മുന്നൂറിൽപരം തടിബോട്ടുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും കാലപ്പഴക്കത്താൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത്തരം ബോട്ടുകളിലെ മീൻപിടിത്തം തൊഴിലാളികളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇവ സ്റ്റീൽ ഹള്ളുള്ളതാക്കി മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി 60 ശതമാനം ധനസഹായം (സബ്സിഡി) സർക്കാർ ലഭ്യമാക്കും. 10 ലക്ഷം വരെയാണ് ഇത്തരത്തിൽ ലഭ്യമാക്കുക.കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ യന്ത്രവത്കൃത യാനങ്ങളിലും ബയോ-ടോയ്ലറ്റ് വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
ഇതിനും 60 ശതമാനം സാമ്പത്തിക സഹായം സർക്കാർ അനുവദിക്കും. ഒന്നിലധികം ദിവസം മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന ബോട്ടുകളിൽ മതിയായ ശീതീകരണസംവിധാനങ്ങൾ ഇല്ലാത്തതുമൂലം മത്സ്യത്തിന്റെ ഗുണനിലവാരം മോശമാവുകയും പിടിച്ചു കൊണ്ടുവരുന്ന മത്സ്യത്തിന് മെച്ചപ്പെട്ട വില ലഭിക്കാതെ വരുകയും ചെയ്യുന്നുണ്ട്. പുതിയ പദ്ധതി പ്രാവർത്തികമാകുന്നതോടെ മീൻപിടിത്തത്തിലൂടെ മെച്ചപ്പെട്ട വരുമാനം ഉറപ്പിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.