ജലമേളയിൽ കൗതുകമായി സെയിലിങ് റഗാട്ടെ
text_fieldsബേപ്പൂർ: അന്താരാഷ്ട്ര ജലമേളയുടെ നാലാം ദിനത്തിൽ കൗതുകമുണർത്തുന്ന ഇനമായി സെയിലിങ് റഗാട്ടെ. പായ് വഞ്ചികൾ അണിനിരന്ന ജലസാഹസിക കായികയിനം മത്സരാർഥികൾക്കും കാണികൾക്കും ഒരുപോലെ ആവേശം പകർന്നു. മൂന്നു വിഭാഗങ്ങളിലായി 27 പായ് വഞ്ചികളാണ് കടലിലിറങ്ങിയത്.
വിവിധ ഘട്ടങ്ങളിലായി മത്സരാർഥികൾ മാറ്റുരക്കുകയും ഓരോ ഘട്ടത്തിലെയും മാർക്കുകൾ പരിഗണിച്ചുകൊണ്ട് വിജയിയെ പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.
ആദ്യവിഭാഗത്തിൽ ആശിഷ് വിശ്വകർമ, കെ. രാംദാസ്, ജി. മഹേഷ് എന്നിവർ കൂടുതൽ മാർക്ക് കരസ്ഥമാക്കി. ലേസർ-ടു വിഭാഗത്തിൽ ടീമുകളായാണ് മത്സരം. രണ്ടുപേരുൾപ്പെട്ട ടീം മത്സരത്തിൽ രോഹിത്-എലിയറ്റ് സഖ്യം, മാരുതി-ദുർഗപ്രസാദ് സഖ്യം, അഭിഷേക്-നതാൽ സഖ്യം എന്നിവർ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.
അവസാന വിഭാഗത്തിൽ ആര്യൻ കർവാർ, മനോഷ്, ഋഷഭ് എന്നിവർ കൂടുതൽ മാർക്ക് നേടി ആദ്യഘട്ടത്തിൽ വിജയിച്ചു. അഗ്നിരക്ഷസേന, കോസ്റ്റല്‍ പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവർ മത്സരത്തിന്റെ സുരക്ഷ ക്രമീകരണങ്ങൾ നിയന്ത്രിച്ചു. ഈ മത്സരത്തിന്റെ അടുത്ത ഘട്ടങ്ങൾ വാട്ടർ ഫെസ്റ്റിന്റെ അവസാന ദിനമായ ബുധനാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.