അന്തർസംസ്ഥാനക്കാർ നാടുവിടുന്നു; മീൻപിടിത്തം പ്രതിസന്ധിയിലേക്ക്
text_fieldsലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ കൂട്ടത്തോടെ പോകുന്നത്
ബേപ്പൂർ: അന്തർസംസ്ഥാന തൊഴിലാളികളെ കിട്ടാനില്ലാത്തതിനാൽ ബേപ്പൂരിൽ നിന്നുള്ള ബോട്ടുകളുടെ മത്സ്യബന്ധനം കടുത്ത പ്രതിസന്ധിയിലായി. കോവിഡ് രൂക്ഷമായതിനെത്തുടർന്ന് അനിശ്ചിതകാല ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന ആശങ്കയിൽ അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു പോകുന്നതാണ് ബോട്ടുടമകൾക്ക് പ്രശ്നമായത്.
കഴിഞ്ഞ ലോക്ഡൗൺ കാലത്തെ ദുരനുഭവങ്ങളും, മാസങ്ങളോളം ജോലിയും കൂലിയും ഇല്ലാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥയും ഭക്ഷണത്തിന് നേരിട്ട പ്രയാസങ്ങളും മുന്നിൽകണ്ടാണ് തൊഴിലാളികൾ നാടുപിടിക്കുന്നത്. ബന്ധുക്കളും വീട്ടുകാരും തിരിച്ചുവരുന്നതിന് നിർബന്ധിക്കുന്നതും, ഇവരുടെ കൂട്ടത്തോടെയുള്ള യാത്രക്ക് പ്രേരകമായി. ബേപ്പൂർ ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന എഴുന്നൂറോളം ബോട്ടുകളിൽ ഇരുനൂറിൽ താഴെ ബോട്ടുകൾ മാത്രമേ ഇപ്പോൾ കടലിൽ പോകുന്നുള്ളൂ. പശ്ചിമബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ആഴക്കടലിൽ മീൻപിടിത്തത്തിന് ബേപ്പൂരിൽനിന്നും കടലിൽ പോകുന്നത്.
മത്സ്യലഭ്യത കുറഞ്ഞതിനാൽ ബോട്ട് വ്യവസായം വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് തൊഴിലാളികളും ഉടമകളും പറയുന്നു. ഡീസൽ വിലയിലുണ്ടായ അനിയന്ത്രിതമായ വർധന കാരണം മത്സ്യം ലഭിച്ചാൽപോലും നഷ്ടത്തിലാകുന്ന അവസ്ഥയിലാണ്. മുഴുവൻ ബോട്ടുകളും കടലിൽപോയാൽ മാത്രമാണ് ഹാർബറിലും മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ തൊഴിലാളികൾക്കും പൂർണ രീതിയിൽ ജോലി ലഭിക്കുക. മുഴുവൻ ബോട്ടുകളും കടലിൽ പോയാൽ മാത്രമേ, സാമ്പത്തിക തകർച്ചയിൽ കൂപ്പുകുത്തിയ തീരദേശ മേഖലക്ക് പുത്തൻ ഉണർവ് ലഭിക്കുക. മീൻപിടിത്ത തുറമുഖം സജീവമാകുവാൻ, തിരിച്ചുപോകുന്ന അന്തർസംസ്ഥാനക്കാർ മടങ്ങിയെത്തുക തന്നെ വേണം. തീവ്ര കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ തിരിച്ചുവരവിൽ ബോട്ടുടമകൾ വലിയ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.