ജങ്കാറിന്റെ പിന്മാറ്റം: ബലിപെരുന്നാൾ യാത്ര പലർക്കും ക്ലേശമാകും
text_fieldsചാലിയം: ചാലിയാറിലെ ജങ്കാർ സർവിസ് നിരോധനം ഉല്ലാസയാത്രക്കാർക്കും തിരിച്ചടി. ബലിപെരുന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം ജങ്കാറിൽ അക്കരെ ഇക്കരെ കടന്ന് ഉല്ലാസവേളകൾ മധുരതരമാക്കാൻ ആഗ്രഹിച്ച പലർക്കും ഇപ്പോൾ നിരാശ. ചാലിയത്തെത്തുന്നവർ ബേപ്പൂരിലേക്കും തിരിച്ചും ഉല്ലസിക്കാനായി ജങ്കാറിനെയായിരുന്നു ആശ്രയിച്ചിരുന്നത്. പുലിമുട്ടുകൾ സന്ദർശിക്കുന്നതോടൊപ്പം ജങ്കാറിൽ യാത്ര ചെയ്യാമെന്നതും സഞ്ചാരികൾക്ക് ആഹ്ലാദം പകരുന്നതായിരുന്നു. ആഘോഷദിനങ്ങളിൽ പ്രത്യേകിച്ച് ചെറിയ, ബലി പെരുന്നാളുകളുടെ അന്നും പിറ്റേന്നും ചാലിയം, ബേപ്പൂർ ഭാഗത്തേക്ക് സഞ്ചാരികളുടെ നിലക്കാത്ത പ്രവാഹമാണ് ഉണ്ടാവാറുള്ളത്. ജങ്കാറിന്റെ വരുമാനത്തിൽ സാധാരണ ദിവസത്തേക്കാളും അഞ്ചിരട്ടി വരെ വർധനവുണ്ടാകാറുണ്ട്.
അതേസമയം, ജങ്കാർ സർവിസ് നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും പുനഃസ്ഥാപിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവുമില്ലെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. കടവ് ലേലം ചെയ്യുന്ന കടലുണ്ടി പഞ്ചായത്ത് മുൻകൈയെടുത്ത് ബദൽ സംവിധാനം ഒരുക്കണമെന്നതാണ് പല കോണുകളിൽനിന്നും യാത്രക്കാർ ആവശ്യപ്പെടുന്നത്. മുമ്പ് ജങ്കാർ രണ്ടെണ്ണം സർവിസ് നടത്തിയിരുന്നു. ഒരു ജങ്കാറിന് ഏകദേശം രണ്ടു കോടി രൂപ വരും. ഇങ്ങനെ രണ്ടെണ്ണം സർവിസ് നടത്താൻ പറ്റില്ലെന്ന കാരണത്താലാണ് ചാലിയം കടവിൽ നിന്ന് ഒരു ജങ്കാർ പിൻവാങ്ങിയത്. കൊച്ചിയിൽ നിന്ന് മറ്റൊരു ജങ്കാർ കൊണ്ടുവരുന്നതിന് പല സാങ്കേതിക പ്രശ്നങ്ങളും നിലവിലുണ്ട്. അതുകൊണ്ടാണ് കരാറുകാർ ആ വഴിക്ക് നീങ്ങാത്തതിന്റെ കാരണമെന്നാണ് അറിയുന്നത്.
ജങ്കാറിനു പകരം മുമ്പത്തെ പോലെ ബോട്ട് സർവിസ് ആരംഭിക്കാനും ഈ സാഹചര്യത്തിൽ കഴിയില്ല. ജങ്കാറിനു അനുയോജ്യമായ സ്ഥിരം ജെട്ടി നിർമിച്ചതാണ് കാരണം. ഈ ജെട്ടികളിൽ സാധാരണ ബോട്ടുകൾക്ക് കരപറ്റാൻ കഴിയില്ല. യാത്രക്ലേശം പരിഹരിക്കാൻ സ്ഥലം എം.എൽ.എയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടൽ വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
ജങ്കാർ സർവിസ് നിർത്തിവെച്ചതിനെതിരെ പ്രതിഷേധം
ബേപ്പൂർ: ബേപ്പൂർ-ചാലിയം ജങ്കാർ സർവിസ് നിർത്തിവെച്ചതിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജങ്കാർ കടവിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ ഉദ്ഘാടനം ചെയ്തു.
ജങ്കാർ സർവിസ് നിലച്ചതിൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് അധികൃതരെ അറിയിക്കാൻ പ്രതീകാത്മകമായി ബേപ്പൂർ കടവിൽനിന്ന് പുഴയിലൂടെ നീന്താനുള്ള പ്രവർത്തകരുടെ ശ്രമത്തെ ബേപ്പൂർ എസ്.എച്ച്.ഒ ബിശ്വാസിന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. ടി.കെ. അബ്ദുൽ ഗഫൂർ, സി.എ.സെഡ്. അസീസ്, ബേപ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. ഷെറി, സുരേഷ് അരിക്കനാട്, അനീസ് റഹ്മാൻ, പി.വി. താരിഷ്, ഷാനു പുളിമൂട്, സൽമാൻ അരക്കിണർ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനാഫ് മൂപ്പൻ അധ്യക്ഷത വഹിച്ചു. ആഷിക് പിലാക്കൽ സ്വാഗതവും ടി.പി. പ്രേംസിങ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.