പട്ടം പറത്തലില്‍ കേരളത്തിന് അനന്തസാധ്യത -അന്താരാഷ്ട്ര വിദഗ്ധര്‍
text_fieldsബേപ്പൂർ: അന്തർദേശീയ നിലവാരത്തിലുള്ള പട്ടം പറത്തല്‍ മത്സരങ്ങള്‍ക്ക് കേരളം മികച്ച വേദിയാണെന്ന് ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബേപ്പൂര്‍ ഇന്റര്‍നാഷനല്‍ വാട്ടര്‍ ഫെസ്റ്റിലെ അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ-ആഭ്യന്തര താരങ്ങളാണ് കേരളത്തിന്റെ സാധ്യതകളെക്കുറിച്ച് പറഞ്ഞത്.
വിശാലമായ കടൽതീരങ്ങളാണ് അന്താരാഷ്ട്ര പട്ടംപറത്തല്‍ മേഖലയില്‍ കേരളത്തിന്റെ പ്രധാന നിക്ഷേപമെന്ന് തുര്‍ക്കിയില്‍നിന്നുള്ള ലോകപ്രശസ്ത താരം മെഹ്മൂദ് പറഞ്ഞു. കാറ്റിന്റെ ലഭ്യതയാണ് പട്ടം പറത്തലില്‍ ഏറ്റവുമധികം നിര്‍ണായകം. കേരളത്തില്‍ അത് വേണ്ടുവോളമുണ്ട്. സിംഗപ്പൂര്‍ വനിത താരമായ ഗാഡിസ്, രാജ്കോട്ടില്‍നിന്ന് മത്സരത്തിനെത്തിയ മെഹൂല്‍ ചാവ്ഡ എന്നിവരും കേരളത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടി.
ഒരേ നൂലില്‍ 150ലധികം പട്ടം കോര്‍ത്തുണ്ടാക്കിയ രാജസ്ഥാനില്‍നിന്നുള്ള അബ്ദുൽ, ഐ ലവ് ബേപ്പൂര്‍ എന്ന പട്ടം പറത്തിയ പഞ്ചാബില്‍നിന്നെത്തിയ ജസ്സെയില്‍ സിങ്, വിയറ്റ്നാമില്‍ നിന്നെത്തിയ അഞ്ചംഗ സംഘത്തിന്റെ ഭീമന് ഞണ്ട് എന്നിവ കൗതുകവും ആവേശവും പകര്‍ന്നു.
ഗുജറാത്ത്, രാജസ്ഥാന്, തെലങ്കാന, കര്‍ണാടക, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് താരങ്ങള്‍ പങ്കെടുത്തത്. കൂടുതല്‍ രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായ മത്സരവും പ്രദര്‍ശനവും സംഘടിപ്പിക്കുകയാണ് കേരളത്തിന്റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള വഴിയെന്ന് വണ്‍ ഇന്ത്യ കൈറ്റ് ടീം ഇന്റര്‍നാഷനല്‍ കോഓഡിനേറ്റര്‍ അബ്ദുന്നാസര്‍ പറഞ്ഞു.
15,000 രൂപ മുതല്‍ ലക്ഷങ്ങള്‍വരെ വിലയുള്ള പട്ടങ്ങളുണ്ടെന്ന് വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുല്ല മാളിയേക്കല്‍ പറഞ്ഞു. ആയിരക്കണക്കിന് പേരാണ് ബേപ്പൂര്‍ ജലമേളയിലെ പട്ടം പറത്തല്‍ മത്സരം കാണാനെത്തിയത്. ജലമേള ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.