ഖജനാവ് കാലിയാക്കി മറൈൻ ആംബുലൻസുകൾ
text_fieldsബേപ്പൂർ: മത്സ്യത്തൊഴിലാളികളുടെ രക്ഷാകവചമായി മൂന്നുവർഷം മുമ്പ് ഫിഷറീസ് വകുപ്പ് ഒരുക്കിയ മറൈൻ ആംബുലൻസുകൾ സർക്കാറിന് കോടികൾ നഷ്ടമുണ്ടാക്കി ഖജനാവ് കാലിയാക്കുന്നു. മീൻപിടിത്തത്തിനിടെ തൊഴിലാളികൾ അപകടത്തിൽപെടുന്ന സാഹചര്യങ്ങളിൽ അതിവേഗ രക്ഷാപ്രവർത്തനത്തിനാണ് ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയത്.
കാരുണ്യ, പ്രത്യാശ, പ്രതീക്ഷ എന്നീ മൂന്ന് മറൈൻ ആംബുലൻസുകളാണ് ഫിഷറീസ് വകുപ്പിന് സർക്കാർ നൽകിയത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലയിലെ തീരങ്ങളുടെ അധികാരപരിധിയിൽ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് കാരുണ്യ ആംബുലൻസും എറണാകുളം, തൃശൂർ ജില്ലകളിൽ വൈപ്പിൻ തുറമുഖത്ത് ‘പ്രത്യാശ’യും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾക്കായി വിഴിഞ്ഞം തുറമുഖത്ത് പ്രതീക്ഷ ആംബുലൻസുമാണ് ഫിഷറീസ് വകുപ്പ് സജ്ജമാക്കിയത്.
സംസ്ഥാനത്തെ നിശ്ചിത ഹാർബറുകളിൽ സ്ഥിരമായി കെട്ടിയിടുന്ന ആംബുലൻസുകൾ എപ്പോഴെങ്കിലും മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം റോന്തുചുറ്റലിന് ഉപയോഗിക്കുന്നതല്ലാതെ ഇതുവരെ ഒരുജീവൻരക്ഷയും നടത്തിയിട്ടില്ല.
അപകട സന്ദർഭങ്ങളിൽ മറൈൻ ആംബുലൻസുകൾ ഓടിയെത്തുന്നതിനുപകരം തൊട്ടടുത്ത ഹാർബറുകളിലെ മത്സ്യത്തൊഴിലാളികളുടെ മീൻപിടിത്ത ബോട്ടുകളാണ് അതിവേഗത്തിൽ രക്ഷകരായെത്തുന്നത്.
ആംബുലൻസിന്റെ രൂപകൽപനയിലെ പിഴവുമൂലം അപകടത്തിൽപ്പെടുന്ന മീൻപിടിത്ത യാനങ്ങളെ രക്ഷപ്പെടുത്താനോ കടലിലേക്ക് യഥാസമയം കുതിച്ചെത്താനോ സാധ്യമല്ല. ബേപ്പൂർ ഫിഷിങ് ഹാർബറിൽ സ്ഥിരമായി നങ്കൂരമിട്ടു കിടക്കുന്ന ‘കാരുണ്യ’ ആംബുലൻസ് ഒരുമാസംമുമ്പ് അറ്റകുറ്റപ്പണിക്ക് കൊച്ചിയിലെത്തിച്ചെങ്കിലും എൻജിൻ തകരാർ പരിഹരിച്ച് തിരിച്ചെത്തുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. അറ്റകുറ്റപ്പണിക്ക് ആറുലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് വിവരം.
അത്യാധുനിക മറൈൻ ആംബുലൻസ് എന്നപേരിൽ ആറ് കോടിയിലധികം രൂപ മുടക്കിയാണ് ഓരോ ആംബുലൻസും നിർമിച്ചത്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണ് ആംബുലൻസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നത്. സർക്കാറിന് നേരിട്ട് നിയന്ത്രിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് മേൽനോട്ടച്ചുമതല ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തിന് നൽകുകയായിരുന്നു. അവർ കരാർ നൽകിയ മറ്റൊരു ഏജൻസിയാണ് നിലവിലെ ജീവനക്കാരെ നിയമിച്ചത്.
ഏത് ദുർഘട സാഹചര്യവും അതിജീവിച്ച് കടലിൽ പോകേണ്ട ആംബുലൻസ് ജീവനക്കാർ കഴിവും വൈദഗ്ധ്യവുമുള്ളവരായിരിക്കണമെന്ന നിബന്ധന പാലിച്ചില്ലെന്ന പരാതി മത്സ്യമേഖലയിലുള്ളവർ നേരത്തേ ഫിഷറീസ് വകുപ്പിനെ അറിയിച്ചിരുന്നു.
വിരമിച്ചവരെയും പരിജ്ഞാനമില്ലാത്ത ഏതാനും യുവാക്കളെയുമാണ് ഏജൻസികൾ ജീവനക്കാരായി നിയമിച്ചത്. ആംബുലൻസിന്റെ മേൽനോട്ടച്ചുമതലയുള്ള ഏജൻസിക്ക് ഫിഷറീസ് വകുപ്പ് മാസംതോറും നൽകുന്നത് ഒമ്പതര ലക്ഷത്തിൽപരം രൂപയാണ്. ജീവനക്കാർക്ക് നൽകുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി നാലര ലക്ഷത്തിൽപരം രൂപ വേറെയും ചെലവാകുന്നു.
ആകെയുള്ള 11 ജീവനക്കാരിൽ ക്യാപ്റ്റൻ, സ്രാങ്ക് ഉൾപ്പെടെ അഞ്ചുപേർക്കുള്ള ശമ്പളം ഏജൻസി മുഖാന്തരം നൽകുമ്പോൾ, രണ്ട് പാരാമെഡിക്കൽ ജീവനക്കാർക്കും നാല് ലൈഫ് ഗാർഡുമാർക്കുമുള്ള ശമ്പളം ഫിഷറീസ് വകുപ്പ് നേരിട്ടും നൽകുന്നു. ഇതിനുപുറമെ ഭാരിച്ച ഇന്ധനച്ചെലവും അറ്റകുറ്റപ്പണികൾക്കായി വരുന്ന തുകയും ചേർക്കുമ്പോൾ വർഷത്തിൽ കോടികളാണ് ഖജനാവിന് നഷ്ടമാകുന്നത്. മറൈൻ ആംബുലൻസുകളുടെ നിർമാണത്തിലും പ്രവർത്തനത്തിലും അഴിമതിയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.