പുലിമുട്ട് ബീച്ചിൽ സന്ദർശകർ കൂടി; പെട്ടിക്കടകൾ തുറക്കാത്തത് ദുരിതമായി
text_fieldsബേപ്പൂർ: കോവിഡ് ഇടവേളക്കുശേഷം ബേപ്പൂർ പുലിമുട്ട് ബീച്ച് തുറന്നതോടെ സന്ദർശകർ വർധിച്ചെങ്കിലും അത്യാവശ്യം ചായയും ലഘു ഭക്ഷണങ്ങളും കുപ്പിവെള്ളവും മറ്റും വിൽക്കുന്ന പെട്ടിക്കടകൾ തുറന്നുപ്രവർത്തിക്കാത്തത് ദുരിതമായി. ഇരുപതോളം ചെറു പെട്ടിക്കടകളാണ് പുലിമുട്ട് തീരത്ത് അടഞ്ഞുകിടക്കുന്നത്.
അധികൃതരുടെ അനുമതി ലഭിക്കാത്തതാണ് പെട്ടിക്കടകൾ തുറക്കുന്നതിന് തടസ്സമായത്. പുലിമുട്ട് തീരത്തോട് ചേർന്ന് താമസിക്കുന്ന നിർധനരായ കുടുംബങ്ങൾ നടത്തുന്ന വ്യാപാരം മുടങ്ങിയതോടെ ഇവരുടെ കുടുംബജീവിതവും താറുമാറായി. ബാങ്കുകളിൽനിന്ന് വായ്പകളും മറ്റും സംഘടിപ്പിച്ചാണ് പലരും പെട്ടിക്കടകൾ ആരംഭിച്ചത്. മാസങ്ങളായി തുറക്കാത്തതിനാൽ, പലിശ ചേർത്തുള്ള അടവുകളും മുടങ്ങി. ഇതോടെ, കച്ചവടക്കാർ വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണ്. മാസങ്ങളായി തുറക്കാതെ കിടന്ന കടകൾ പലതും മഴയും വെയിലുമേറ്റ് നാശത്തിെൻറ വക്കിലായി.
ഇരുമ്പ് ഷീറ്റുകൾ പലതും തുരുമ്പെടുത്തു. കടകൾ തുറക്കാനുള്ള അനുമതി ലഭിച്ചാൽതന്നെ, അറ്റകുറ്റപ്പണികൾക്ക് വലിയൊരു തുക ചെലവാക്കണം. പുലിമുട്ട് ബീച്ചിൽ, സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് സന്ദർശകർ വരുന്നതിനാൽ കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിഷയത്തിൽ ജില്ല ടൂറിസം വകുപ്പിനും കലക്ടർക്കും നിവേദനം നൽകുമെന്ന് ബേപ്പൂർ മേഖല മുസ്ലിം ലീഗ് പ്രസിഡൻറ് എം.ഐ. മുഹമ്മദ് ഹാജിയും ജന. സെക്രട്ടറി വി.പി. അബ്ദുൽ ജബ്ബാറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.