ബാർജ് ദുരന്തം: രക്ഷപ്പെട്ടവരിൽ ബേപ്പൂർ സ്വദേശിയും
text_fieldsബേപ്പൂർ: മുംബൈ കടലിൽനിന്ന് 70 നോട്ടിക്കൽ മൈൽ അകലെ 'ടൗട്ടെ' ചുഴലിക്കാറ്റിൽ മുംബൈ ബാർജ് എണ്ണക്കിണറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബേപ്പൂർ സ്വദേശി ദീപക് അത്ഭുതകരമായി രക്ഷപ്പെട്ടു.
ആർ.എം ഹോസ്പിറ്റലിന് കിഴക്കുവശം പരേതനായ ടി.കെ. ശിവാനന്ദെൻറയും ഉഷാറാണിയുടെയും മകനാണ് 32 കാരനായ ദീപക്. തിങ്കളാഴ്ച രാവിലെ അറബിക്കടലിൽ എണ്ണക്കിണറിനടുത്ത് മെക്കാനിക്കൽ എൻജിനീയറായ ദീപക്, ജോലിയിലേർപ്പെട്ടിരിക്കെ എണ്ണ ഖനന കേന്ദ്രത്തിനോടൊപ്പം ജീവനക്കാർ താമസിക്കുന്ന 'പി. 305' ബാർജ് എണ്ണക്കിണറിലേക്ക് ഇടിച്ച് മുങ്ങുകയായിരുന്നു.
'ടൗട്ടെ'ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷിതമായി നങ്കൂരമിടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് നങ്കൂരം തകർന്നാണ് എണ്ണക്കിണറിലേക്ക് ഇടിച്ച് മുങ്ങിയത്. കടലിൽ വീണ ദീപക്കും സഹ ജീവനക്കാരനും ജീവൻരക്ഷ ഉപകരണവുമായി(ലൈഫ് ബോയ്) 12 മണിക്കൂർ കടലിൽ ഒഴുകി അലയുന്നതിനിടയിൽ നേവി കപ്പലിൽനിന്ന് വലയിട്ടു പൊക്കിയെടുക്കുകയായിരുന്നു. രക്ഷപ്പെടുത്തുമ്പോൾ അവശനിലയിലായ ദീപക്കിന് ജീവൻ തിരിച്ചുകിട്ടുകയും സഹജീവനക്കാരൻ മരിക്കുകയും ചെയ്തു. അവിവാഹിതനായ ദീപക് ഇപ്പോൾ മുംബൈ ആശുപത്രിയിൽ ആണുള്ളത്.
പൊതുമേഖല എണ്ണക്കമ്പനിയായ ഒ.എൻ.ജി.സിക്ക് വേണ്ടിയുള്ള ജീവനക്കാരും കരാർ തൊഴിലാളികളുൾപ്പെടെ മുപ്പതോളം മലയാളികളുമടക്കം 261 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. ഇവരിൽ 18 മലയാളികളുൾപ്പെടെ 186 പേരെ ചൊവ്വാഴ്ച നാവിക സേനയും തീരദേശ സേനയും ചേർന്ന് രക്ഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.