ജീവനക്കാരില്ല; ജോലിഭാരം താങ്ങാനാവാതെ വില്ലേജ് ഓഫിസുകൾ
text_fieldsബേപ്പൂർ: സംസ്ഥാനത്ത് ഡിജിറ്റലൈസേഷൻ നടപടികളും സ്മാർട്ട് വില്ലേജ് പദ്ധതികളും പൊടി പൊടിക്കുമ്പോഴും ജോലിഭാരം താങ്ങാനാകാതെ നടുവൊടിയുകയാണ് വില്ലേജ് ഓഫിസ് ജീവനക്കാർ. മതിയായ ജീവനക്കാരുടെ അഭാവം കാരണം വിവിധ ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും വില്ലേജ് ഓഫിസുകളിൽ കയറിയിറങ്ങി പൊതുജനം പൊറുതിമുട്ടി.
അരനൂറ്റാണ്ടുമുമ്പ് വില്ലേജ് ഓഫിസുകൾ പ്രവർത്തനം ആരംഭിച്ച കാലത്തുള്ള സ്റ്റാഫ് പാറ്റേണിലാണ് ഇന്നും പ്രവർത്തിക്കുന്നത്. ജനസാന്ദ്രത കുറവായിരുന്ന കാലത്ത് പതിനായിരത്തോളം അപേക്ഷകൾ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്ത്, നിലവിൽ വിവിധ ആവശ്യങ്ങൾക്കായുള്ള അരലക്ഷത്തിലധികം അപേക്ഷകളാണ് ഭൂരിപക്ഷം വില്ലേജ് ഓഫിസുകളിലും ലഭിക്കുന്നത്. ഇതെല്ലാം കൈകാര്യം ചെയ്യുന്നതിന് ഇപ്പോഴും ഒരു വില്ലേജ് ഓഫിസർ, സ്പെഷൽ വില്ലേജ് ഓഫിസർ, വില്ലേജ് അസിസ്റ്റന്റ്, രണ്ട് ഫീൽഡ് വില്ലേജ് അസിസ്റ്റൻറുമാർ എന്നിങ്ങനെ അഞ്ചു ജീവനക്കാർ മാത്രമാണുള്ളത്. ജനസാന്ദ്രത വർധിക്കുകയും അപേക്ഷകളിൽ പതിന്മടങ്ങ് വർധന ഉണ്ടാവുകയും ചെയ്തിട്ടും സ്റ്റാഫ് പാറ്റേണിൽ മാറ്റമുണ്ടാകാത്തതാണ് വില്ലേജ് ജീവനക്കാരെയും പൊതു ജനങ്ങളെയും വലക്കുന്നതിന്റെ പ്രധാന കാരണം.
അത്യാവശ്യ കാര്യങ്ങൾക്കായി എത്തുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടിവരുന്ന കാലതാമസവും അടിക്കടി ഉണ്ടാകുന്ന സാങ്കേതിക തകരാറുകളും കാരണം ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും തമ്മിൽ വാക്കുതർക്കങ്ങൾ പതിവാണ്.
വില്ലേജ് ഓഫിസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും മുഴുവൻ വസ്തു ഉടമകൾക്കും ഓൺലൈൻ വഴി കരമടക്കാനുള്ള നടപടിക്രമം പൂർത്തിയാകുന്നതുവരെ ഡേറ്റ എൻട്രി ഓപറേറ്റർമാരുടെ സേവനം ലഭ്യമാക്കാനുള്ള നടപടികളും ബന്ധപ്പെട്ടവർ കൈക്കൊണ്ടില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.