ഭക്ഷണമില്ല; തെരുവുനായ്ക്കൾ കൂട്ടമായി കറങ്ങുന്നത് ഭീഷണി
text_fieldsമാത്തോട്ടം ‘വനശ്രീ’ക്ക് പിൻവശത്തെ റോഡിലെ നായ്ക്കൂട്ടം
ബേപ്പൂർ: ഭക്ഷണം കിട്ടാത്തതിനാൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ കറങ്ങിനടക്കുന്നത് ഭീഷണിയാകുന്നു. കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിൽ മലയാളിയുടെ ഭക്ഷണശീലത്തിൽ വന്ന മാറ്റമാണ് തെരുവുനായ്ക്കളെ പട്ടിണിയിലാക്കിയത്.
നേരത്തേ ഹോട്ടലുകളിൽനിന്നും വീടുകളിൽനിന്നും കല്യാണമണ്ഡപങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നും യഥേഷ്ടം പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങൾ ലഭിക്കാതെ വന്നതോടെയാണ്, ഇവ ഭക്ഷണംതേടി കൂട്ടമായി അലയുന്നത് പതിവായത്.
ആളൊഴിഞ്ഞ പറമ്പുകളിലും പണി പൂർത്തിയാകാത്ത വീടുകളിലും കെട്ടിടങ്ങളിലും തെരുവുനായ്ക്കൾ കൂട്ടമായിട്ടാണ് അധിവസിക്കുന്നത്. പ്രധാന റോഡുകളിലും ഇടവഴികളിലും നായ്ക്കൾ കൂട്ടമായി ഓടിനടക്കുന്നത് സ്ത്രീകളടക്കമുള്ള വഴിയാത്രക്കാരെ വല്ലാതെ ഭയപ്പാടിലാക്കുന്നു.
ഭക്ഷണം തേടിയുള്ള നായ്ക്കളുടെ പരക്കംപാച്ചിലിനിടയിൽ, പരസ്പരം ബഹളംകൂട്ടി കടിച്ചുകീറി മാരകമായ മുറിവേൽപിക്കുന്നതും, പഴുപ്പ് ബാധിച്ച മുറിവുമായി ഇവ സഞ്ചരിക്കുന്നതും ഭീതിയുണ്ടാക്കുന്നതാണ്. ആളുകൾ എറിഞ്ഞോടിക്കുമ്പോൾ ഇവർ അക്രമകാരികളായി മുന്നോട്ടുവരുന്നു. കോവിഡ് നിയന്ത്രണങ്ങളാൽ, സന്ധ്യയോടെ തെരുവുകളൊക്കെ വിജനമാകുമ്പോൾ നായ്ക്കൂട്ടം പ്രദേശം കൈയടക്കുകയാണ്.
കൂട്ടത്തോടെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രികർക്കും വ്യാപാരികൾക്കും ഭീഷണിയാണ്. രാത്രിസമയങ്ങളിൽ ഇരുചക്രവാഹനങ്ങൾക്കു പിന്നാലെ നായ്ക്കൾ ഓടിവരുന്നത് അപകടഭീഷണി ഉയർത്തുന്നു. ബേപ്പൂരും പ്രാന്തപ്രദേശങ്ങളിലുമായി നൂറുകണക്കിന് നായ്ക്കളാണ് യഥേഷ്ടം വിഹരിക്കുന്നത്.
ബേപ്പൂർ അങ്ങാടി, ഹാർബർ റോഡ് പരിസരം, ആർ.എം ഹോസ്പിറ്റലിെൻറ പടിഞ്ഞാറുഭാഗം, പുഴവക്ക് പ്രദേശം, ബി.സി റോഡ് ജങ്ഷൻ, ബേപ്പൂർ ഹൈസ്കൂളിെൻറ പരിസര ഭാഗങ്ങൾ, നടുവട്ടം, അരക്കിണർ, മാത്തോട്ടം തുടങ്ങിയ സ്ഥലങ്ങളൊക്കെ, നായ്ക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രങ്ങളാണ്. നായ്ക്കൾ കൂട്ടംകൂടിയുള്ള പരക്കംപാച്ചിൽ ഇങ്ങനെ തുടർന്നാൽ നാട്ടുകാരെ കടിച്ച് പരിക്കേൽപിക്കുന്നതും തുടരുമെന്നുറപ്പാണ്.
തെരുവുനായ്ക്കളെ അതിെൻറ ആവാസവ്യവസ്ഥയിൽ ചെന്ന് നേരിട്ട് പിടികൂടി വന്ധ്യംകരിക്കാനും വാക്സിനേഷൻ നൽകാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ഫലപ്രദമായി നടപ്പായില്ലെന്നും ആക്ഷേപമുണ്ട്. എത്രയും വേഗം അധികൃതരുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.