ഉടമസ്ഥ തർക്കം; ഉരു ചരക്കുനീക്കം നിർത്തിവെപ്പിച്ചു
text_fieldsബേപ്പൂർ: ലക്ഷദ്വീപിലേക്ക് ഭക്ഷണസാധനങ്ങളും നിർമാണ സാമഗ്രികളും കയറ്റിക്കൊണ്ടിരുന്ന 'മറൈൻ ലൈൻ' ഉരുവിലെ ചരക്കുനീക്കം ഉടമസ്ഥാവകാശത്തെചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിർത്തിവെപ്പിച്ചു. ഉടമ മംഗളൂരു സ്വദേശി മുഹമ്മദ് അസ്ലം അഞ്ച് മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചതിനുശേഷം സഹോദരിയുടെ മകനാണ് ഉരുവിെൻറ മേൽനോട്ടം വഹിക്കുന്നത്.
എന്നാൽ, ഉടമയുടെ ഭാര്യ ബിന്ദു ഉരുവിെൻറ ഉടമസ്ഥാവകാശം സ്വന്തം പേരിലേക്ക്, തമിഴ്നാട് കടലൂരിൽവെച്ച് നിയമപ്രകാരം മാറ്റി. ഈ രേഖകൾ ഇവർ ബേപ്പൂർ പോർട്ട് ഓഫിസർക്കും ഉരു ഏജൻറിനും കാണിച്ച് ഉടമസ്ഥാവകാശം തെളിയിച്ചു.
കൊല്ലം ജില്ലയിലെ രജിസ്ട്രാർ ഓഫിസിൽ 2012ൽ രജിസ്റ്റർ ചെയ്ത ഇവരുടെ വിവാഹ സർട്ടിഫിക്കറ്റടക്കം ബേപ്പൂർ പൊലീസ് സ്റ്റേഷനിലും കാണിച്ച് ബോധ്യപ്പെടുത്തി. എന്നാൽ, ഉടമസ്ഥാവകാശം ഇപ്പോൾ മേൽനോട്ടം വഹിക്കുന്ന സഹോദരിയുടെ മകനായ നിഷാൻ അംഗീകരിച്ചില്ല. തുടർന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വിഷയത്തിൽ ഇടപെടുകയും ഉരുവിലേക്കുള്ള ചരക്കുനീക്കം നിർത്താനാവശ്യപ്പെടുകയുമായിരുന്നു. പിന്നീട്, ബിന്ദുവും മന്ത്രിയെ കണ്ട് കൈവശമുള്ള മുഴുവൻ രേഖകളും കാണിച്ച് ഉടമസ്ഥാവകാശം വിശദീകരിച്ചു. മേൽനോട്ടക്കാരനായ നിഷാമിനോടും ബിന്ദുവിനോടും ചൊവ്വാഴ്ച രാവിലെ വീണ്ടും മന്ത്രിയെ കാണാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചരക്കുനീക്കം പൊടുന്നനെ സ്തംഭിച്ചതിൽ, ഏജൻറുമാരും വ്യാപാരികളും തുറമുഖത്തെ തൊഴിലാളി സംഘടനകളും ആശങ്കയിലാണ്. സ്രാങ്ക് തമിഴ്നാട് കടലൂർ സ്വദേശി ഇളങ്കോവൻ അടക്കം ഒമ്പത് ജീവനക്കാരാണ് ഉരുവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.