എന്നെത്തും കപ്പൽ? യാത്രാദുരിതം മാറാതെ ലക്ഷദ്വീപുകാർ
text_fieldsബേപ്പൂർ: ബേപ്പൂർ തുറമുഖത്ത് നിന്ന് കപ്പൽ ഗതാഗതം നിലച്ചതിനാൽ ലക്ഷദ്വീപ് വാസികൾ പ്രതിസന്ധിയിൽ. ബേപ്പൂർ, മംഗളൂരു തുറമുഖങ്ങളിൽ നിന്നും കാലവർഷത്തിനുശേഷം പുനരാരംഭിക്കേണ്ടിയിരുന്ന യാത്രക്കപ്പൽ എന്ന് തുടങ്ങുമെന്നതിനെക്കുറിച്ച് അധികൃതർക്ക് മറുപടിയില്ല. ഇതിനാൽ മലബാറുമായി ബന്ധപ്പെടുന്ന ദ്വീപുകാർ ദുരിതത്തിലാണ്.
ലക്ഷദ്വീപിലെ ആൾതാമസമുള്ള 10 ദ്വീപുകളിലുള്ളവർക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന 'ലഗൂൺ' എന്ന കപ്പൽ മാത്രമാണ് ഇപ്പോൾ ആശ്രയം. ആഴ്ചയിൽ രണ്ട് തവണ വിവിധ ദ്വീപുകളിലേക്ക് പോയിവരുന്ന ഈ കപ്പലിൽ 400 പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക.
സെപ്റ്റംബർ 15ന് മൺസൂൺ അവസാനിച്ചതോടെ കൊച്ചിയിൽ നിന്ന് രണ്ട് കപ്പൽ പുനരാരംഭിച്ചെങ്കിലും 250 പേർക്ക് യാത്ര ചെയ്യാവുന്ന 'അറേബ്യൻ സീ' ഒക്ടോബർ ആദ്യത്തോടെ എൻജിൻ തകരാർ കാരണം സർവിസ് നിർത്തുകയായിരുന്നു. 700 പേർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന 'കവരത്തി' എന്ന കപ്പൽ ഈയിടെ ദ്വീപിനടുത്ത് തീപിടിച്ചതിനാൽ കൊച്ചി തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരിക്കുകയാണ്.
ബേപ്പൂർ തുറമുഖത്ത് നിന്ന് സർവിസ് നടത്തിയിരുന്ന 'എം.വി. അമീൻ ദീവി', 'എം.വി. മിനിക്കോയ്'എന്നീ കപ്പലുകൾ കാലപ്പഴക്കം മൂലം ഇരുമ്പുവിലയ്ക്ക് വിൽക്കുന്ന കാര്യം അധികൃതർ ആലോചിക്കുന്നുണ്ട്. മുമ്പ് പത്ത് കപ്പലുകൾ ബേപ്പൂർ, മംഗളൂരു, കൊച്ചി തുറമുഖങ്ങളിൽനിന്ന് ലക്ഷദ്വീപിലേക്ക് സർവിസ് നടത്തിയിരുന്നു. ഇവയിൽ ഏറെയും ഇപ്പോൾ കൊച്ചി തുറമുഖത്ത് അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിയിട്ടിരിക്കുകയാണ്.
ബേപ്പൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കപ്പൽ ഇല്ലാത്തതിനാൽ മലബാർ ഭാഗങ്ങളിലേക്ക് ചികിത്സക്കെത്തുന്ന രോഗികളും പഠനാവശ്യങ്ങൾക്കെത്തുന്ന വിദ്യാർഥികളും ഏറെ കഷ്ടപ്പെടുകയാണ്.
അത്യാസന്ന രോഗികളെയും ദീർഘകാലം ചികിത്സ തുടരുന്നവരെയും ഹെലിക്കോപ്ടറിൽ വൻതുക മുടക്കിയാണ് കോഴിക്കോട്ടോ കൊച്ചിയിലോ എത്തിക്കുന്നത്. വാണിജ്യാവശ്യങ്ങൾക്ക് കോഴിക്കോടും പരിസരപ്രദേശങ്ങളിലും എത്തുന്ന ദ്വീപ് വ്യാപാരികളും പ്രതിസന്ധിയിലാണ്. വിവിധ ആവശ്യങ്ങൾക്കായി കൊച്ചി വഴി കോഴിക്കോട് എത്തിപ്പെടുന്ന ദ്വീപ് യാത്രക്കാർക്ക് തിരിച്ചുപോകാൻ യാത്രാമാർഗം ഇല്ലാത്തതിനാൽ നഗരത്തിലെയും ബേപ്പൂരിലെയും ലോഡ്ജുകളിൽ ദിവസങ്ങളോളം തങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. കൊച്ചിയിൽനിന്ന് പുറപ്പെടുന്ന ഏക കപ്പലിലെങ്കിലും ടിക്കറ്റ് കിട്ടുന്നതിനായി ബേപ്പൂരിലെ ലക്ഷദ്വീപ് ഓഫിസിന് മുന്നിൽ രാപ്പകലില്ലാതെ വരി നിൽക്കുന്ന ദ്വീപുകാരുടെ കാഴ്ച ദയനീയമാണ്. വരി നിൽക്കുന്നവർക്ക് ഊഴമനുസരിച്ച് ടിക്കറ്റ് ലഭിക്കുകയെന്നത് ഭാഗ്യപരീക്ഷണമാണ്. ഇത് കാരണം ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിൽ വാക്കേറ്റവും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.