ജങ്കാർ സർവിസ് നിർത്തുന്നതിനെതിരെ പ്രതിഷേധം
text_fieldsബേപ്പൂർ: ബേപ്പൂർ-ചാലിയം കടവിൽ സർവിസ് നടത്തുന്ന ജങ്കാർ, മുന്നറിയിപ്പില്ലാതെ നിർത്തുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന ജങ്കാർ സർവിസ്, നിസ്സാര പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മുന്നറിയിപ്പില്ലാതെ നിർത്തുന്നത് പതിവായതോടെയാണ് ചാലിയത്തും ബേപ്പൂരിലും നാട്ടുകാരും യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയാണ് കടലുണ്ടി പഞ്ചായത്തിൽനിന്ന് ലേലത്തിൽ വാങ്ങിയ ബേപ്പൂർ-ചാലിയം കടവിൽ ജങ്കാർ യാത്ര നടത്തുന്നത്.
സർവിസ് നടത്തുന്ന ഏജൻസിക്ക് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്നും ജങ്കാറിന്റെ ചെറിയ അറ്റകുറ്റപ്പണികൾ പോലും ആഴ്ചകൾ സമയമെടുത്താണ് തീർക്കാറുള്ളതെന്നും യാത്രക്കാർ പരാതിപ്പെട്ടു. ഒരു മുന്നറിയിപ്പും നൽകാതെ സർവിസ് നിർത്തുന്നത് പതിവാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കടവിലെത്തുമ്പോഴാണ് ജങ്കാർ ഇല്ലെന്ന് അറിയുക.
നിരുത്തരവാദ സമീപനത്തിനെതിരെ യാത്രക്കാരും നാട്ടുകാരും പലപ്പോഴായി പ്രതിഷേധിക്കാറുണ്ടെങ്കിലും കടലുണ്ടി പഞ്ചായത്ത് അധികൃതരോ സർവിസിന് അനുമതി നൽകുന്ന തുറമുഖ വകുപ്പോ പ്രതികരിക്കാറില്ല. ബേപ്പൂർ കടവിൽ പ്രതിഷേധത്തിന് എ.കെ. മുജീബ്, എം. ജംഷീർ, എം. അലിമോൻ, സി.പി. റിയാസ്, പി.വി. അൻഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.