ബേപ്പൂരിലെ ചരിത്ര സ്തൂപം നവീകരിക്കുന്നു
text_fieldsബേപ്പൂർ: ബേപ്പൂർ അങ്ങാടിയിലെ ചരിത്ര സ്തൂപം നവീകരിക്കുന്നതിന് അഞ്ചരലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സർക്കാറിന്റെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക. ബേപ്പൂർ തുറമുഖ റോഡ് ജങ്ഷനിൽ 42 വർഷം മുമ്പ് തുറമുഖ വകുപ്പ് സ്ഥാപിച്ച ചരിത്ര സ്തൂപം കാലപ്പഴക്കത്താൽ പൊളിഞ്ഞു നിലംപതിക്കാറായ നിലയിലാണ്. 12 അടിയോളം ഉയരവും അഞ്ച് അടിയോളം വീതിയുമുള്ള സ്തൂപം അക്കാലത്ത് ഇഷ്ടിക ഉപയോഗിച്ചാണ് നിർമിച്ചത്. സ്തൂപത്തിന്റെ മുകൾഭാഗത്തെ ഇരുമ്പുകമ്പികൾ ദ്രവിച്ച് പുറമേക്ക് തള്ളിയ നിലയിലാണ്. പൊട്ടിയ ഭാഗങ്ങൾ അടർന്നുവീഴാൻ തുടങ്ങിയതോടെ ഒരുഭാഗത്തേക്ക് ചെരിഞ്ഞതും അപകട ഭീഷണിയാണ്.
1982 ഫെബ്രുവരി 20ന് അന്നത്തെ മുഖ്യമന്ത്രി കരുണാകരനാണ് സ്തൂപത്തിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ചത്. ബേപ്പൂർ പുലിമുട്ട് കടൽഭിത്തിയുടെ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ടാണ് തുറമുഖ വകുപ്പ് ബേപ്പൂർ അങ്ങാടിയിൽ മനോഹരമായ ചരിത്ര സ്തൂപം സ്ഥാപിച്ചത്. രണ്ടുവർഷം മുമ്പ് സ്തൂപത്തിന് ചുറ്റുമായി ഇരിപ്പിടം സ്ഥാപിച്ചതിനാൽ നാട്ടുവർത്തമാനങ്ങളുമായി ആളുകൾ സമയം ചെലവഴിക്കാറുണ്ട്. സ്തൂപം ഇടിഞ്ഞുവീഴുമോ എന്ന ഭയപ്പാടിലാണ് ആളുകൾ ഇപ്പോൾ ഇവിടെ ഇരിക്കുന്നത്.
സ്തൂപത്തിന് മുകളിൽ സ്ഥാപിച്ച അലങ്കാരവിളക്ക് നശിച്ചിട്ട് വർഷങ്ങളായി. വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പൊതുപരിപാടികൾ സ്തൂപത്തിനടുത്തായാണ് നടക്കാറുള്ളത്. ഈ സമയങ്ങളിൽ ചുറ്റും ആളുകൾ കൂടിനിൽക്കുന്നതും അപകടമാണ്. സ്തൂപത്തിന്റെ അപകടഭീഷണി വാർത്തയായ സാഹചര്യത്തിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ച് അടിയന്തര നവീകരണ പ്രവൃത്തിക്ക് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചരലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.