കവർച്ച നടത്തിയ അന്തർ സംസ്ഥാനക്കാരനെ പിടികൂടി
text_fieldsബേപ്പൂർ: കവർച്ച നടത്തിയ അന്തർസംസ്ഥാന തൊഴിലാളിയെ ബേപ്പൂർ പൊലീസ് വിദഗ്ധമായി പിടികൂടി. അസമിലെ മേർബന്ധ ഗൺ സ്വദേശി സുനറാം കോൺവാർ (25) ആണ് അറസ്റ്റിലായത്. ജൂൺ 27ന് രാത്രി ബേപ്പൂർ ഹാർബർ റോഡിലെ മത്സ്യബന്ധന യന്ത്രസാമഗ്രികൾ വിൽപന നടത്തുന്ന കൈരളി ട്രേഡേഴ്സിന്റെ പിൻവശത്തെ ചുമർ തുരന്ന് അകത്തുകടന്ന് ഇയാൾ 45,000 രൂപ മോഷണം നടത്തിയിരുന്നു.
നഗരത്തിലെയും ബേപ്പൂരിലെയും ഐസ് പ്ലാന്റുകളിലും മറ്റും ജോലി ചെയ്തിരുന്ന ഇയാൾ ട്രോളിങ് നിരോധനം തുടങ്ങിയതോടെ ഫറോക്ക് ചെറുവണ്ണൂർ മധുര ബസാറിലെ മരമില്ലിൽ ജോലിക്ക് കയറുകയായിരുന്നു.
സംഭവദിവസം രാത്രി ഇയാൾ മധുര ബസാറിലെ താമസസ്ഥലത്തുനിന്നും നടന്ന് ഹാർബർ റോഡിൽ എത്തി, തൊട്ടടുത്തുള്ള ഇൻഡസ്ട്രിയലിൽ നിന്നുമെടുത്ത ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് ചുമർതുരന്ന് അകത്തുകടന്നത്. ശേഷം ഇയാൾ കാൽനടയായി മധുര ബസാറിലെ റൂമിലെത്തുകയും മരമില്ല് ഉടമയെയോ താമസിച്ചിരുന്ന കെട്ടിട ഉടമസ്ഥനെയോ അറിയിക്കാതെ പുലർച്ച ട്രെയിൻ കയറി അസമിലേക്ക് രക്ഷപ്പെടുകയുമായിരുന്നു.
സി.സി.ടി.വി പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മൊബൈൽ നമ്പറുകൾ നിരന്തരം പിന്തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നതിനുവേണ്ടി അസമിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.
നിലവിൽ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ സിമ്മുകളും ഉപേക്ഷിച്ചതോടെ ഇയാളെക്കുറിച്ചുള്ള ഒരു വിവരവും പൊലീസുകാർക്ക് ലഭിക്കാതെയായി. ഇയാളുടെ ഫോണിൽ നിന്നും ഏറ്റവും കൂടുതൽ പ്രാവശ്യം വിളിച്ചത് ഒരു സ്ത്രീയുടെ നമ്പറിലേക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഈ നമ്പറിലേക്ക് ഏറ്റവും കൂടുതൽ വിളിക്കുന്ന ആളെയും ലൊക്കേഷനും തിരിച്ചറിഞ്ഞതാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.
അന്വേഷണത്തിൽ ഇയാൾ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോട് ഐസ് ഫാക്ടറിയിൽ ജോലി ചെയ്യുന്നതായി കണ്ടെത്തുകയും അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ ബിശ്വാസിന്റെ നേതൃത്വത്തിൽ എസ്.ഐ ശുഹൈബ്, എ.എസ്.ഐ രാമകൃഷ്ണൻ, എസ്.സി.പി.ഒ മധുസൂദനൻ, സി.പി.ഒ ശ്രീജേഷ്, ബാബു സലാഹ് എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.