ഉത്തരവാദിത്ത ടൂറിസം വികസനപദ്ധതി ബേപ്പൂരിന് ഒരു കോടി അനുവദിച്ചു
text_fieldsബേപ്പൂർ: ബേപ്പൂർ സംയോജിത ഉത്തരവാദിത്ത ടൂറിസം വികസനപദ്ധതിയുടെ നാലാംഘട്ട പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ അനുവദിച്ച് സംസ്ഥാനസർക്കാർ ഉത്തരവിറക്കി. അടുത്ത മാർച്ചിൽ നാലാംഘട്ടം പൂർത്തിയാകുന്നതോടെ ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി ബേപ്പൂർ മാറും.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ ‘പെപ്പർ’ (പീപിൾസ് പാര്ട്ടിസിപ്പേഷൻ പ്ലാനിങ് ആൻഡ് എംപവർമെൻറ് ത്രൂ റെസ്പോൺസിബിൾ ടൂറിസം), മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങൾ എന്നീ പദ്ധതികളുടെ സംയോജിത പ്രവർത്തനം വഴി ഘട്ടംഘട്ടമായി ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിന്റെ ആഗോളമാതൃകയാക്കി മാറ്റുകയാണ് ലക്ഷ്യം. അറബിക്കടൽ, ചാലിയാർ, ഒരുകിലോമീറ്റർ നീളമുള്ള പുലിമുട്ട്, ബേപ്പൂർ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷിസങ്കേതം, അപൂർവ കണ്ടൽക്കാടുകൾ എന്നിങ്ങനെ നിരവധി സവിശേഷതകൾ ഒരുമിക്കുന്ന ടൂറിസം കേന്ദ്രമാണ് ബേപ്പൂർ, ബേപ്പൂരിന്റെ ഗ്രാമീണ ജീവിതരീതികൾ, ഭക്ഷണം, സാംസ്കാരികത്തനിമ തുടങ്ങി എല്ലാ സാധ്യതകളെയും ഒത്തിണക്കും. ഇന്റർനാഷനൽ ആർട്ട് ഫെസ്റ്റ്, ടെക്സ്റ്റൈൽ ഫെസ്റ്റ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.
പദ്ധതിയുടെ ഭാഗമായി ഇതുവരെ ആരംഭിച്ചതും ഒരുവർഷം പ്രവർത്തനം പൂർത്തിയാക്കിയതുമായ യൂനിറ്റുകളിൽ മാലിന്യസംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്, പോട്ട് കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ് എന്നിവ സ്ഥാപിക്കുന്നതിന് വേണ്ടി നാലു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കാർബൺ ന്യൂട്രൽ പാക്കേജുകൾ ആരംഭിക്കുന്നതിന് വനിതകൾക്ക് ആർ.ടി മിഷൻ സൊസൈറ്റിയിലൂടെ ഇലക്ട്രിക് ഓട്ടോകൾ വാങ്ങി നൽകുന്നതിന് 10 ലക്ഷം രൂപ നൽകും. കടലുണ്ടിയിൽ ഗ്രീൻ ഡെസ്റ്റിനേഷൻ പദ്ധതി നടപ്പാക്കുന്നതിന് അഞ്ച് ലക്ഷം രൂപയും മാറ്റിവെച്ചു.
പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഏറ്റവും മികച്ചതും കുറഞ്ഞത് ഒരുവർഷത്തെ പരിചയമുള്ളതുമായ യൂനിറ്റുകൾക്ക് ഒറ്റത്തവണ പ്രവർത്തന ധനസഹായം എന്നനിലയിൽ 30,000 രൂപ വീതം നൽകും.
തിരഞ്ഞെടുക്കപ്പെട്ട പത്ത് യൂനിറ്റുകൾക്ക് മൂന്നു ലക്ഷം രൂപയും വിവിധ പരിശീലനങ്ങൾക്കായി അഞ്ചു ലക്ഷം രൂപയും പാക്കേജുകളിലേക്കുള്ള ടൂർ ഓപറേറ്റർമാരുടെ സന്ദർശനത്തിനായി ഒരുലക്ഷം രൂപയും നൽകും. ആർ.ടി യൂനിറ്റുകൾ, അന്തർദേശീയ ടെക്സ്റ്റൈൽ ആർട്ടിസ്റ്റുകൾ എന്നിവയുടെ നേതൃത്വത്തിലുള്ള ബേപ്പൂർ ആർ.ടി ഇന്റർനാഷനൽ ടെക്സ്റ്റൈൽ ആർട്ട് ആൻഡ് ആർ.ടി ഫെസ്റ്റിന് 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ യൂനിറ്റുകൾ, സർഫിങ് സ്കൂൾ എന്നീ പാക്കേജുകളുടെ മാർക്കറ്റിങ്ങിന് 14 ലക്ഷം രൂപയും അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.