സൗദി വാഹനാപകടം: കൂട്ടമരണം ബേപ്പൂരിനെ സങ്കടത്തിലാഴ്ത്തി
text_fieldsബേപ്പൂർ: സൗദിഅപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചത് ബേപ്പൂരിനെ ദുഃഖത്തിലാക്കി. അപകട മരണം അറിഞ്ഞതുമുതൽ ബേപ്പൂർ ബി.സി റോഡ് ജങ്ഷനിലുള്ള ജാബിറിെൻറ തറവാട് വീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒഴുകിയെത്തി. ബേപ്പൂർ പാണ്ടികശാലക്കണ്ടി ആലിക്കോയ-ഹഫ്സത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ജാബിർ, ഭാര്യ കാരപ്പറമ്പ് ചെങ്ങോട്ട് ഇസ്മയിൽ-ഖദീജ ദമ്പതികളുടെ മകൾ ശബ്നയും കുടുംബസമേതം സൗദിയിലായിരുന്നെങ്കിലും ഒന്നര വർഷമായി കോവിഡ് പ്രതിസന്ധിയിൽ തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽതന്നെയായിരുന്നു.
മൂന്നു മാസം മുമ്പാണ് മാലദ്വീപ് വഴി ജാബിർ സൗദിയിലേക്ക് തിരിച്ചുപോയത്. പിന്നാലെഭാര്യയും കുട്ടികളും സൗദിയിലെത്തി. അഞ്ചുവർഷം മുമ്പാണ് പ്രവാസജീവിതം അവസാനിപ്പിച്ച് പിതാവ് ആലിക്കോയ നാട്ടിൽ സ്ഥിരതാമസമാക്കിയത്. പിതാവ് ജോലി ചെയ്ത കമ്പനിയിൽ തന്നെയായിരുന്നു ജാബിറും. തറവാട് വീടിെൻറ അടുത്തുതന്നെ നിർമിക്കുന്ന ഇരുനില വീടിെൻറ ഗൃഹപ്രവേശനം താമസിയാതെ നടത്തണമെന്നുള്ള ആഗ്രഹത്തിലായിരുന്നു ജാബിറും കടുംബവും.
കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയതോടെ മക്കളായ ലുത്ഫിയെയും ലൈബയെയും ബേപ്പൂർ അൽഫിത്റ സ്കൂളിൽ ആറാം ക്ലാസിലും നാലാം ക്ലാസിലും ചേർത്തു. ഇളയവർ സഹ രാമനാട്ടുകര നെസ്റ്റ് സ്കൂളിൽ എൽ.കെ.ജി ക്ലാസിലായിരുന്നു. ജാബിറിെൻറ ഏക സഹോദരൻ അൻവർ ജിദ്ദയിൽ അരാംകോ പെട്രോകെമിക്കൽ കമ്പനിയിലാണ്. കുടുംബസമേതം ജിദ്ദയിലാണ് താമസം. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ തുടരുന്നതായി കുടുംബങ്ങൾ അറിയിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വസതി സന്ദർശിച്ചു. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള സൗകര്യങ്ങൾക്കായി മന്ത്രി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.