കാലാവസ്ഥ പ്രതികൂലം; ബേപ്പൂരിൽ ഉരു ചരക്കുനീക്കം അനിശ്ചിതത്വത്തിൽ
text_fieldsബേപ്പൂർ: കാലാവസ്ഥ പ്രതികൂലമായതിനാൽ ബേപ്പൂർ തുറമുഖത്ത് നിന്നും ലക്ഷദ്വീപിലേക്കുള്ള ഉരു ചരക്കുനീക്കം അനിശ്ചിതത്വത്തിലായി. പുറംകടലിൽ ശക്തമായ കാറ്റും തിരമാലയും കാരണം ദ്വീപിലേക്ക് ചരക്കുകളുമായി പോകേണ്ട ഉരുക്കൾ തുറമുഖത്തുതന്നെ നങ്കൂരമിട്ട് നിർത്തിയിരിക്കുകയാണ്. അമേനി, ആന്ത്രോത്ത്, കവരത്തി, കടമത്ത്, കൽപേനി തുടങ്ങിയ ദ്വീപുകളിലേക്ക് പോകാനായി ചരക്കുകൾ കയറ്റിയ ഉരുക്കൾ ആറു ദിവസത്തോളമായി യാത്രമുടങ്ങി. തമിഴ്നാട്ടിലെ കടലൂർ, തൂത്തുക്കുടി സ്വദേശികളുടെയും ദ്വീപ് സ്വദേശികളുടെയും ഉടമസ്ഥതയിലുള്ള തരുൺ വേലൻ, ദീപ ദർശൻ, ശ്രീമുരുകൻ തുണൈ, ഇൻഫാന്റ് ജീസസ്, സർക്കാർ, മറൈൻ ലൈൻ തുടങ്ങിയ ഉരുക്കളാണ് ചരക്കുകൾ കയറ്റി ദ്വീപിലേക്ക് പുറപ്പെടാനാകാതെ അനിശ്ചിതത്വത്തിലായത്.
നിത്യോപയോഗ സാധനങ്ങളും സിമൻറ്, കമ്പി, ഹോളോബ്രിക്സ്, ടൈൽസ് തുടങ്ങിയ നിർമാണസാമഗ്രികളും ഫർണിച്ചർ, ഹാർഡ്വെയർ ഉൽപന്നങ്ങൾ, ഇലക്ട്രിക് ജോലികൾക്ക് ആവശ്യമായ വസ്തുക്കൾ എന്നിവയാണ് ഉരുവിലുള്ളത്. ഉരുക്കളിൽ കയറ്റേണ്ട പച്ചക്കറികളും പഴവർഗങ്ങളും കേടുവന്ന് വൻനഷ്ടം വരാൻ സാധ്യതയുള്ളതിനാൽ ഇവ മാർക്കറ്റുകളിലേക്കുതന്നെ തിരിച്ചയച്ചിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായി തുടരുകയും യാത്ര തടസ്സമാവുകയും ചെയ്തതോടെ ഉരുവിൽ കയറ്റേണ്ട കന്നുകാലികളെ വാർഫിൽനിന്നും പറമ്പിലേക്ക് മാറ്റി സുരക്ഷിതമായി കെട്ടിയിരിക്കുകയാണ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിയാർജിച്ച് 'അസാനി' ചുഴലിക്കാറ്റായി വീശുമെന്ന ഭീതിയും നിലവിലുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത അഞ്ചു ദിവസം മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ, കടൽ പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. 45-50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളതിനാൽ ഉരു ചരക്കുനീക്കം ഇനിയും ഏതാനും ദിവസം വൈകാനാണ് സാധ്യത.
ദിവസങ്ങൾക്ക് മുമ്പ് നിർമാണസാമഗ്രികളുമായി ആന്ത്രോത്ത് ദ്വീപിലേക്ക് പുറപ്പെട്ട 'എം.എസ്.വി മലബാർ ലൈറ്റ്' ഉരു കാലാവസ്ഥ മോശമായതിനെ തുടർന്ന് ശക്തമായ കാറ്റിലും കോളിലുംപെട്ട് അടിപ്പലക ഇളകി വെള്ളം കയറി ബേപ്പൂരിന് ഏഴ് നോട്ടിക്കൽ അകലെ പുറംകടലിൽ പൂർണമായും മുങ്ങിത്താഴ്ന്നിരുന്നു. നിത്യോപയോഗ സാധനങ്ങളും മറ്റും ലക്ഷദ്വീപിൽ യഥാസമയം എത്തിയില്ലെങ്കിൽ ദ്വീപ് നിവാസികളുടെ ജീവിതം ദുരിതപൂർണമാകുമെന്ന ആശങ്കയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.