വഴിയോര മത്സ്യക്കച്ചവടം; ഹൈടെക് സംവിധാനവുമായി - ഫിഷറീസ് വകുപ്പ്
text_fieldsബേപ്പൂർ: ആധുനിക രീതിയിൽ വഴിയോര മീൻകച്ചവടം നടത്താൻ ‘മീൻകൂട്’ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. അനുയോജ്യമായ സ്ഥലത്ത് മീൻകച്ചവടം നടത്താൻ പര്യാപ്തമായ മീൻകൂട് (സ്ട്രീറ്റ് ഫിഷ് വെൻഡിങ് കിയോസ്ക്) വിതരണം ചെയ്യുന്ന പൈലറ്റ് പദ്ധതി ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുക.
അടുത്ത വർഷത്തോടെ ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ ‘മീൻകൂട്’ വ്യാപിപ്പിക്കാനാണ് ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നത്. തെക്കൻ ജില്ലകളിൽ മത്സ്യവിൽപന രംഗത്ത് സ്ത്രീ പങ്കാളിത്തം കൂടുതലുള്ളതിനാൽ ഗുണഭോക്താക്കളിൽ വനിതകൾക്ക് പ്രാധാന്യം നൽകും. യൂനിറ്റൊന്നിന് ഒരു ലക്ഷം രൂപയാണ് വില. സംസ്ഥാന സർക്കാർ സഹായമായി 60,000 രൂപ ലഭിക്കും.
40,000 രൂപ ഗുണഭോക്തൃ വിഹിതമാണ്. ബാങ്ക് വായ്പയായോ നേരിട്ടുള്ള വിഹിതമായോ ഗുണഭോക്തൃ വിഹിതം കണ്ടെത്താം. ഫൈബർ റീ ഇൻഫോഴ്സ്ഡ് പോളിമേഴ്സ് നിർമിത കാബിനിൽ കഴുകി ഉപയോഗിക്കാവുന്ന സ്റ്റീൽ ട്രേ, 220 ലിറ്റർ ഐസ് ബോക്സ്, മത്സ്യം വൃത്തിയാക്കാനുള്ള സൗകര്യം, ഫിഷ് കട്ടിങ് ബോർഡ്, മലിനജലം ശേഖരിക്കാനുള്ള സൗകര്യം, സോളാർ ലൈറ്റിങ് സൗകര്യം, ഇതിനുള്ള ബാറ്ററി, വേസ്റ്റ് ബിൻ എന്നിവ അടങ്ങിയതാണ് മീൻകൂട് പദ്ധതി.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ മത്സ്യങ്ങളുടെ പൊതുവിപണിയിലെ ചില്ലറ വിൽപനക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) നേരത്തേതന്നെ ഫിഷറീസ് വകുപ്പിന് നിർദേശം നൽകിയതാണ്.
രാജ്യത്ത് മത്സ്യ ഉപഭോഗത്തിൽ മുന്നിലുള്ള കേരളത്തിൽ ഒരാൾ പ്രതിവർഷം 25.06 കിലോ മത്സ്യം കഴിക്കുന്നതായാണ് കണക്ക്. ദേശീയ ശരാശരി 2.4 കിലോയാണ്.
ഉപഭോക്താക്കളിൽ എത്തുന്നതുവരെ മത്സ്യത്തിന്റെ ഗുണനിലവാരവും വൃത്തിയും നിലനിർത്തുന്നതിനു പദ്ധതി സഹായകമാകും. വഴിയോരങ്ങളിൽ വെയിലും മഴയുമേറ്റ് മണിക്കൂറുകളോളം കച്ചവടം നടത്തുന്നവർക്കും ‘മീൻകൂട്’ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.