ബേപ്പൂരിലെ സർഫിങ് സ്കൂൾ ലോകശ്രദ്ധ പിടിച്ചുപറ്റും -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsബേപ്പൂർ: ഗോതീശ്വരം ബീച്ചിലെ സർഫിങ് സ്കൂൾ ഭാവിയിൽ ലോക ശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമായി മാറുമെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സർക്കാർ മേൽനോട്ടത്തിലുള്ള കേരളത്തിലെ ആദ്യത്തെ സർഫിങ് സ്കൂൾ ബേപ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭാവിയിൽ ഗോതീശ്വരം ബീച്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നും അത് പ്രദേശത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും കൂടിച്ചേരുമ്പോൾ ഓരോ പദ്ധതിയും ജനകീയമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ഇന്റർനാഷനൽ സർട്ടിഫൈഡ് ട്രെയിനിങ് പരിശീലനം പൂർത്തിയാക്കിയ പ്രദേശവാസികളായ 10 യുവാക്കൾക്ക് വേദിയിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം ക്ലബായ യൂത്ത് വെൽഫെയർ മൾട്ടിപർപസ് സൊസൈറ്റിയുടെ അവഞ്ച്വറ സർഫിങ് ക്ലബാണ് സ്‌കൂളിന് മേൽനോട്ടം വഹിക്കുക.
ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും കോഴിക്കോട് ഡി.ടി.പി.സിയും കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും സംയുക്തമായാണ് സർഫിങ് സ്കൂൾ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കോർപറേഷൻ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ല കോഓഡിനേറ്റർ ശ്രീകല ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, കൗൺസിലർ കെ. സുരേഷൻ, ബേപ്പൂർ മണ്ഡലം വികസന മിഷൻ പ്രതിനിധി എം. ഗിരീഷ്, 'നമ്മൾ ബേപ്പൂർ' പ്രതിനിധി ടി. രാധ ഗോപി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, ഡി.ടി.പി.സി സെക്രട്ടറി ടി. നിഖിൽ ദാസ്, ഉത്തരവാദിത്ത ടൂറിസം ക്ലബ് പ്രസിഡന്റ് അനൂപ് തുടങ്ങിയവർ പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ സ്വാഗതവും അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.