ബേപ്പൂരിൽ പോരാട്ട കടലിരമ്പം; അങ്കത്തട്ടിൽ മൂന്ന് അഭിഭാഷകർ
text_fieldsകോഴിക്കോട്: ഇടതോരം േചർന്നുള്ള മണ്ഡലമാണെങ്കിലും ബേപ്പൂരിൽ ഇത്തവണ വാശിയേറിയ പോരാട്ടമാണ്. മൂന്ന് മുന്നണിയുടെയും സ്ഥാനാർഥികൾ അഭിഭാഷകരാെണന്ന പ്രത്യേകത കൂടിയുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറും സി.പി.എം സംസ്ഥാന സമിതി അംഗവുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസും യു.ഡി.എഫ് സ്ഥാനാർഥി കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ കോർപറേഷൻ കൗൺസിലറുമായ അഡ്വ. പി.എം. നിയാസും എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന പ്രസിഡൻറുമായ അഡ്വ. കെ.പി. പ്രകാശ് ബാബുവും പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ സന്ദർശിച്ച് ആദ്യഘട്ട വോട്ടുചോദിക്കൽ പൂർത്തിയാക്കി.
ബേപ്പൂർ മാറിചിന്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. തുറമുഖ വികസനത്തിലും വ്യവസായ പുനരുദ്ധാരണത്തിലുമൊന്നും വേണ്ട ഇടപെടലുണ്ടായില്ലെന്നതാണ് ഇവർ പ്രധാനമായും ചർച്ചയാക്കുന്നത്. വി.കെ.സി. മമ്മദ് കോയക്ക് രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തി ബന്ധങ്ങളാണ് കഴിഞ്ഞതവണ എൽ.ഡി.എഫ് വിജയം ഉറപ്പാക്കിയത്. ഇത്തവണ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്.
പ്രമുഖ നേതാവ് കെ. സാദിരിക്കോയയുടെ മകനായ പി.എം. നിയാസിെൻറ ട്രേഡ് യൂനിയർ രംഗത്തെ ഇടപെടലുകൾ ഗുണം ചെയ്യുമെന്നും യു.ഡി.എഫ് കരുതുന്നു. രാഷ്ട്രീയ വോട്ടുകളിലെ മേൽെക്കെയിലാണ് എൽ.ഡി.എഫിെൻറ വിജയ പ്രതീക്ഷ. പൗരത്വ സമരത്തിലുൾപ്പെടെ റിയാസ് നടത്തിയ ഇടപെടലുകൾ ഉണ്ടാക്കിയ സ്വീകാര്യത വോട്ടാക്കി മാറ്റാനാകുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. ഫാറൂഖ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകനായിരിക്കെ ഫറോക്ക് മേഖല കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും മുതൽക്കൂട്ടാണ്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ച േബപ്പൂർ പോർട്ട്, േബപ്പൂർ, മാറാട് എന്നീ കോർപറേഷൻ വാർഡുകൾ കഴിഞ്ഞതവണ നേടിയതെല്ലാം ശുഭസൂചനയാണ്. ഇടതു തൊഴിലാളി പ്രസ്ഥാനങ്ങൾക്കുള്ള മേധാവിത്വവും ആശ്വാസമാകുമെന്ന് ഇവർ പറയുന്നു. ജില്ലയിലെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായാണ് എൻ.ഡി.എ ബേപ്പൂരിനെ കാണുന്നത്. കഴിഞ്ഞതവണ കാൽലക്ഷത്തിലേറെ വോട്ടുകൾ നേടി കടുത്ത മത്സരം കാഴ്ചവെച്ച എൻ.ഡി.എ, തുറമുഖമുള്ള മണ്ഡലത്തിൽ കേന്ദ്ര സർക്കാറിെൻറ വികസനമെത്തിക്കാെമന്നാണ് അവകാശപ്പെടുന്നത്. ചെറുകിട വ്യവസായങ്ങളേറെയുള്ള ഇവിടെ മത്സ്യത്തൊഴിലാളി വോട്ടും നിർണായകമാണ്.
1965ൽ നിലവിൽ വന്നശേഷം നടന്ന 13 തെരഞ്ഞെടുപ്പിൽ രണ്ടുതവണയൊഴികെ ജയിച്ചവരെല്ലാം കമ്യൂണിസ്റ്റുകാരാണ്. എൻ.പി. മൊയ്തീൻ മാത്രമാണ് ജയിച്ച കോൺഗ്രസുകാരൻ. '77ലും '80ലുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 1991ലെ കോൺഗ്രസ്, ലീഗ്, ബി.ജെ.പി (കോ.ലീ.ബി) പരീക്ഷണത്തിലും എൽ.ഡി.എഫിലെ ടി.കെ. ഹംസ കെ. മാധവൻകുട്ടിയെ 6270 വോട്ടിന് പരാജയപ്പെടുത്തുകയായിരുന്നു. 14,363 വോട്ടിെൻറ ഭൂരിപക്ഷമാണ് നിലവിൽ എൽ.ഡി.എഫിനുള്ളത്.
മണ്ഡല പരിധിയിലെ രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലും കോർപറേഷെൻറ അരീക്കാട് ഡിവിഷനിലും യു.ഡി.എഫും കടലുണ്ടി ഗ്രാമപഞ്ചായത്തിലും കോർപറേഷെൻറ അരീക്കാട് നോർത്ത്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ചെറുവണ്ണൂർ ഈസ്റ്റ്, ചെറുവണ്ണൂർ വെസ്റ്റ്, ബേപ്പൂർ പോർട്ട്, ബേപ്പൂർ, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം എന്നീ ഡിവിഷനുകളിലും എൽ.ഡി.എഫുമാണ് വിജയിച്ചത്.
എൽ.ഡി.എഫ് ട്രൻറ് മണ്ഡലത്തിൽ പ്രകടമാണ്. ജനങ്ങളിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടർഭരണം വേണമെന്നതാണ് ജനങ്ങളാഗ്രഹിക്കുന്നത്. മണ്ഡലത്തിൽ രണ്ടു റൗണ്ട് പര്യടനം പൂർത്തിയായി നൂറിലേറെ കുടുംബയോഗങ്ങളും നടന്നു. വൻ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിക്കും
-എ. മുഹമ്മദ് റിയാസ്
തുടർച്ചയായി എൽ.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തിെൻറ പലമേഖലകളും വികസന കാര്യത്തിൽ ഏറെ പിന്നിലാണ്. തൊഴിൽ സമൂഹമുൾപ്പെടെ മാറ്റംവേണമെന്നാണ് ആഗ്രഹിക്കുന്നത്. വോട്ടർമാരിൽനിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളടക്കം ഒപ്പംനിൽക്കും. ഇത്തവണ യു.ഡി.എഫ് എന്തായാലും ജയിക്കും
-പി.എം. നിയാസ്
എൽ.ഡി.എഫ്, യു.ഡി.എഫ് വിരുദ്ധ വികാരം മണ്ഡലത്തിൽ പ്രകടമാണ്. നേരത്തേ ജയിച്ചവർ മന്ത്രിമാരായിരുന്നിട്ടുകൂടി തൊഴിൽനൽകുന്ന സ്ഥാപനങ്ങളൊന്നും ബേപ്പൂരിൽ ആരംഭിക്കാനായിട്ടില്ല. മിക്ക മേഖലകളും ഇപ്പോഴും പിന്നാക്കമാണ്. വൻ വികസനം വരാനാഗ്രഹിക്കുന്ന വോട്ടർമാർ എൻ.ഡി.എക്ക് അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-കെ.പി. പ്രകാശ്ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.