ബേപ്പൂരിൽ 'എക്സ്ട്രാഡോസ്ഡ് ' പാലം വരുന്നു; അതിരു നിർണയിച്ചു
text_fieldsബേപ്പൂർ: തീരദേശ ഹൈവേയുടെ ഭാഗമായി ചാലിയാറിന് കുറുകെ ബേപ്പൂരിനേയും കരുവൻതിരുത്തിയേയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന "എക്സ്ട്രാ ഡോസ്ഡ് " പാലത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരു നിർണയം പൂർത്തിയായി. അത്യാധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുപയോഗപ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി നിർമിക്കുന്ന പാലത്തിനായി ബേപ്പൂർ ബി.സി. റോഡ്, ചാലിയാറിെൻറ മറുകരയായ ഫറോക്ക് നഗരസഭയിലുൾപ്പെടുന്ന കരുവൻതിരുത്തിയിലെ മഠത്തിൽപാടം എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.
ഫറോക്ക് കരുവൻതിരുത്തി റോഡിൽനിന്ന് 350 മീറ്ററും ബേപ്പൂർ ബി.സി. റോഡിൽനിന്ന് 130 മീറ്ററുമാണ് ഭൂമി ഏറ്റെടുക്കുന്നത്. മഠത്തിൽ പാടത്ത് എട്ടും, ബേപ്പൂരിൽ രണ്ടും വീടുകളും ,12 കച്ചവടസ്ഥാപനങ്ങളും ഏറ്റെടുക്കുന്ന ഭൂമിയിൽ ഉൾപ്പെടും. പാലത്തിനായുള്ള സാങ്കേതിക പരിശോധനകൾ നേരത്തേ പൂർത്തിയായിരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി ഏതാണ്ട് 200 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള പാലം സംസ്ഥാനത്തെ റോഡ് ഗതാഗത രംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കും. കോഴിക്കോട് ബീച്ച് വഴി ബേപ്പൂരിലേക്കെത്തുന്ന തീരദേശ പാതയെ ഫറോക്ക്, ചാലിയം, തിരൂർ, പൊന്നാനി തീരദേശ പാതയുമായി കൂട്ടിയിണക്കുകയാണ് പദ്ധതി ലക്ഷ്യം.
അത്യാധുനിക ശാസ്ത്ര-സാങ്കേതികവിദ്യയുപയോഗപ്പെടുത്തിയാണ് പാലമുയരുക. ഏതാണ്ട് 900 മീറ്റർ നീളമുള്ള പാലത്തിെൻറ സ്പാനുകളുടെ നീളം പരമാവധി കൂട്ടി, പുഴയിലെ തൂണുകളുടെ എണ്ണം കുറച്ചും 'എക്സ്ട്രാ ഡോസ്ഡ് ' രീതിയിലാണ് നിർമാണം. ഇത്തരത്തിലുള്ള പാലം കേരളത്തിൽ ആദ്യമാണ്. കപ്പൽചാൽ കടന്നുപോകുന്നതിനാൽ പുഴക്ക് കുറുകെ പാലം നിർമിക്കുക സാധ്യമല്ലാത്തതിനാൽ വേണ്ടെന്നുവെച്ച പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കുന്നത്. ബേപ്പൂരിൽ ചാലിയാറിെൻറ ഇരുകരകളും ബന്ധിപ്പിച്ചുകൊണ്ട് റോഡ് മാർഗം ഇല്ലാത്തത് വലിയ പ്രശ്നമാണ്.
പരിമിത സൗകര്യങ്ങളോടെയുള്ള ജങ്കാർ സർവിസ് മാത്രമാണ് ഇപ്പോഴുള്ളത്. ഫറോക്ക് വഴി എട്ടു കിലോമീറ്റർ ചുറ്റിയാൽ മാത്രമേ തീരദേശ റോഡുമാർഗമുള്ള സഞ്ചാരം സാധ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.