ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം നിർത്തിവെച്ചു
text_fieldsബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം നിർത്തിവെച്ചുബേപ്പൂർ: ബേപ്പൂർ പുലിമുട്ട് കടൽത്തീരത്ത് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ (കടലിൽ ഒഴുകുന്ന പാലം) പ്രവർത്തനം പോർട്ട് ഓഫിസറുടെ നിർദേശപ്രകാരം നിർത്തിവെച്ചു. സുരക്ഷ മാനദണ്ഡം പാലിക്കാതെയും ലൈസൻസ്, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഇല്ലാതെയുമാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നതെന്ന് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ ഡി.ടി.പി.സി സെക്രട്ടറിക്ക് പോർട്ട് ഓഫിസർ അടിയന്തരമായി നോട്ടീസ് നൽകുകയായിരുന്നു.
ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്ന കടൽത്തീര വിനോദസഞ്ചാര കേന്ദ്രം തുറമുഖ വകുപ്പിനു കീഴിലുള്ള സ്ഥലമാണ്. ഇവിടെ ഡി.ടി.പി.സി ഉപയോഗത്തിന് അനുമതിയുണ്ടെങ്കിലും ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമാനുസൃത സർട്ടിഫിക്കറ്റുകൾ ഒന്നുംതന്നെ തുറമുഖ വകുപ്പിന് ഹാജരാക്കിയിട്ടില്ല.
ഇത്തരം സംവിധാനങ്ങൾക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശവുമില്ല. സാധാരണ കടലിൽ സർവിസ് നടത്തുന്ന ബോട്ടുകൾക്കും ചെറുകപ്പലുകൾക്കും മറ്റും പോർട്ട് ഓഫിസിൽനിന്നാണ് ലൈസൻസ് നൽകുന്നത്.
എന്നാൽ, ഒരുഭാഗം കരയിൽ ഉറപ്പിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കാര്യത്തിൽ ലൈസൻസ് നൽകേണ്ട അതോറിറ്റിയെ സംബന്ധിച്ചും വ്യക്തതയില്ല. ഡി.ടി.പി.സിക്ക് വരുമാന വർധനവാണ് ലക്ഷ്യം. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തുറമുഖ വകുപ്പും ഉണർന്നുപ്രവർത്തിക്കുന്നത്.
സാഹസിക ടൂറിസം എന്നതിൽ ഉൾപ്പെടുത്തിയുള്ള ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം തിരമാലകൾക്കൊപ്പം ഉയരുകയും താഴുകയും ചെയ്യുന്നതിനിടയിൽ അതിശക്തമായ തിരമാല അടിക്കുമ്പോൾ ആളുകൾ കടലിലേക്ക് തെറിച്ചുവീഴാനും സാധ്യതയുണ്ട്.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പോളിത്തീൻ ബ്ലോക്കുകൾ കൂട്ടിയോജിപ്പിച്ചാണ് പ്ലാറ്റ്ഫോം രൂപത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് കടൽക്കരയിൽ സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.