ചാലിയം പട്ടർമാട് തുരുത്തിൽനിന്ന് ഭീമൻ ഉരു നീരണിഞ്ഞു
text_fieldsചാലിയം: ഉരുനിർമാണത്തിന് പേരുകേട്ട ചാലിയം പട്ടർമാട് തുരുത്തിൽനിന്ന് ബുധനാഴ്ച ഭീമൻ ഉരു നീരണിഞ്ഞു. ഖത്തറിലെ വ്യവസായിക്കുവേണ്ടി ഉരുനിർമാണത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പി.ഐ. അഹമ്മദ് കോയ ഹാജി ആൻഡ് കമ്പനിയാണ് ഭീമൻ ഉരു നിർമിച്ചത്. 120 അടി നീളവും 28 അടി വീതിയും 12 അടി ഉയരവുമുള്ള ഉരു തേക്ക്, കരിമരുത്, സാൽവുഡ് എന്നീ മരങ്ങൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
ഉരു നിർമാണത്തിലെ പാരമ്പര്യ ശിൽപി ബേപ്പൂർ തമ്പി റോഡിലെ വടക്കേപ്പാട് സുരേന്ദ്രന്റെ കീഴിലുള്ള മുപ്പതോളം ജോലിക്കാർ ചേർന്ന് ഒന്നര വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. തിങ്കളാഴ്ച രാവിലെ മുതൽ ബേപ്പൂർ ഖലാസികളുടെ നേതൃത്വത്തിൽ ഉരു നീരണിയുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങിയിരുന്നു. ഉരുവിന്റെ മറ്റു ഡിസൈനിങ് ജോലികൾ ഖത്തറിൽ വെച്ച് നടക്കുമെന്ന് കമ്പനി എം.ഡി. ഹാഷിം പറഞ്ഞു. കോവിഡ് മഹാമാരിക്കുശേഷം രണ്ടാമത്തെ ഉരുവാണ് പട്ടർമാടിൽ നിർമാണം പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത മാസം പുതിയ ഉരുവിന്റെ നിർമാണം തുടങ്ങും. രണ്ടു മാസം മുമ്പ് മറ്റൊരു ഭീമൻ ഉരുകൂടി ഇവിടെനിന്ന് നീരണിഞ്ഞിരുന്നു. അതിനിടെ ഖത്തറിൽ നടക്കുന്ന ലോക ഫുട്ബാൾ മാമാങ്ക വേദിയിലേക്കുള്ള കയർബന്ധിത ഉരുവിന്റെ മിനുക്കുപണിയുടെ അവസാനഘട്ടം ഇവിടെ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ബേപ്പൂർ ടൂറിസം ഭൂപടത്തിൽ കൈയൊപ്പ് ചാർത്തിയ പി.ഐ. അഹമ്മദ് കോയ ആൻഡ് കമ്പനി ചെറുതും വലുതുമായി ഇരുന്നൂറോളം ഉരു നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.