പുലിമുട്ടിൽ സ്ഥാപിച്ച നാവിഗേഷൻ ലൈറ്റ് വീണ്ടും മിഴിയടഞ്ഞു
text_fieldsബേപ്പൂർ: പുലിമുട്ടിൽ പുനഃസ്ഥാപിച്ച നാവിഗേഷൻ ലൈറ്റ് രണ്ട് ദിവസത്തിന് ശേഷം വീണ്ടും മിഴിയടഞ്ഞു. ബേപ്പൂർ പുലിമുട്ട് അവസാനിക്കുന്ന ഭാഗത്ത് മൂന്നുമാസം മുമ്പ് കേടായ ലൈറ്റിന് പകരം ഈ മാസം ആദ്യ ആഴ്ചയിൽ പുതുതായി സ്ഥാപിച്ച ലൈറ്റാണ് അണഞ്ഞത്. പ്രകാശിക്കാത്ത നാവിഗേഷൻ ലൈറ്റ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹാർബർ എൻജിനീയർ വിഭാഗം പുതിയ ലൈറ്റ് സ്ഥാപിച്ചത്.
ഏറെ ഗുണങ്ങൾ അവകാശപ്പെടുന്ന ഓസ്ട്രേലിയൻ നിർമിത ചുവപ്പ് കളറിൽ പ്രകാശിക്കുന്ന സോളാർ ദിശാസൂചിക ലൈറ്റ് രണ്ടുദിവസം കൊണ്ട് കണ്ണടച്ചതിൽ മത്സ്യത്തൊഴിലാളികൾ കടുത്ത അമർഷത്തിലാണ്. രാത്രി കടലിൽ നിന്ന് 15 നോട്ടിക്കൽ മൈൽ ദൂരം വരെ നാവിഗേഷൻ ലൈറ്റിന്റെ പ്രകാശം വ്യക്തമായി കാണാമെന്നും ദീർഘകാലം കേടുകൂടാതെ പ്രവർത്തിക്കുമെന്നും അവകാശപ്പെട്ടായിരുന്നു പുതിയ ലൈറ്റ് സ്ഥാപിച്ചത്. ഗുണമേന്മയുള്ള നാവിഗേഷൻ ലൈറ്റ് എത്രയും പെട്ടെന്ന് സ്ഥാപിച്ച് തൊഴിലാളികളുടെ ജീവനും, മത്സ്യബന്ധന യാനങ്ങളുടെ സുരക്ഷയും ഉറപ്പ് വരുത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.