മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും -സജി ചെറിയാൻ
text_fieldsബേപ്പൂർ: മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് തീരസദസ്സ് സമാപിക്കുമ്പോഴേക്കും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ 20,000ത്തോളം അപേക്ഷകൾ പരിഗണിച്ച് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂർ മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുനർഗേഹം പദ്ധതിയിലൂടെ ഭവനനിർമാണ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സർക്കാറിന് സാധിച്ചു. ഏഴു വർഷത്തിനിടെ 12,558 പേർക്ക് വീട് നിർമിച്ചുനൽകാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. മാതാപിതാക്കൾ മരണപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയാണ് സർക്കാർ.
മത്സ്യത്തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ചാലിയം ഫിഷ് ലാൻഡിങ് സെന്റർ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ബേപ്പൂർ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ഡി.പി.ആർ അടിയന്തരമായി സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മാറാട് അഡീഷനൽ ഫിഷ് ലാൻഡിങ് സെന്റർ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനും തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കാനുമാണ് തീരസദസ്സുകൾ സംഘടിപ്പിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കണ്ടെത്താനുള്ള സമഗ്രമായ വേദിയാണ് തീരസദസ്സെന്നും അദ്ദേഹം പറഞ്ഞു. 228 പരാതികളാണ് ബേപ്പൂർ തീരസദസ്സിൽ ലഭിച്ചത്. മുതിർന്ന മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയും ഉന്നതവിദ്യാഭ്യാസം നേടിയവരെയും ഉപഹാരം നൽകി അനുമോദിച്ചു.
മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ജില്ല പഞ്ചായത്ത് അംഗം പി. ഗവാസ്, കൗൺസിലർമാരായ ഗിരിജ, കെ. രാജീവ്, വാടിയിൽ നവാസ്, രജനി തോട്ടുങ്ങൽ, കൊല്ലരത്ത് സുരേഷ്, ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള, ഫിഷറീസ് ജോയന്റ് ഡയറക്ടർ ആർ. അമ്പിളി, ഫിഷറീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.