കത്തിനശിച്ച ബോട്ടിന്റെ അവശിഷ്ടങ്ങൾ കരയിലെത്തിച്ചു
text_fieldsബേപ്പൂർ:കഴിഞ്ഞ ദിവസം ബേപ്പൂർ ഫിഷിങ് ഹാർബറിന് സമീപം പുഴയിൽ തീപിടിച്ച ബോട്ടിന്റെ അവ ശിഷ്ടങ്ങൾ പുറത്തെടുത്തുതുടങ്ങി. ഏറെ ശ്രമഫലമായി ബോട്ടിന്റെ അടിഭാഗത്തെ പ്ലാറ്റ്ഫോമാണ് കരക്കെത്തിച്ചത്. ബോട്ട് കത്തിയമർന്നപ്പോൾ പുഴയിൽ താഴ്ന്നുപോയ യന്ത്രഭാഗവും മറ്റും പൂർണമായും പുറത്തെടുക്കാനായിട്ടില്ല. ഇവ കൂടി ലഭിച്ചതിനുശേഷം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന നടത്തും. അതേസമയം,അപകട വിവരമറിഞ്ഞിട്ടും ലക്ഷദ്വീപ് ഭരണകൂടം ഇടപെട്ടില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
അപകടത്തിൽ പൊള്ളലേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശികളായ രണ്ട് തൊഴിലാളികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും വെന്റിലേറ്ററിലാണ്. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയാണ് ബേപ്പൂർ ഫിഷിങ് ഹാർബറിന് സമീപം ചാലിയാറിന് മധ്യത്തിലായി നങ്കൂരമിട്ട ലക്ഷദ്വീപ് കിൽത്താൻ ദ്വീപിലെ തോട്ടൂളി ദിൽബർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ‘അഹൽ ഫിഷറീസ്’' ഫൈബർ ബോട്ടിൽ തീപിടിത്തമുണ്ടായത്. പുലർച്ചെ അഞ്ചോടെയാണ് തീ പൂർണമായും നിയന്ത്രിക്കാനായത്. ബോട്ടിന്റെ അവശിഷ്ടം പുറത്തെടുത്തതിൽ രണ്ട് പാചക വാതക സിലിണ്ടറുമുണ്ട്. ഇവയിലൊന്ന് പൂർണമായും തകർന്ന നിലയിലാണ്.
ഇതു കൊണ്ടായിരിക്കും തീ ആളിക്കത്തുന്നതിനിടയിൽ മൂന്ന് തവണ സ്ഫോടനം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ബേപ്പൂർ എസ്.ഐമാരായ രവീന്ദ്രൻ, ഷനോജ് പ്രകാശ് എന്നിവർ തുറമുഖത്തെത്തി പുറത്തെടുത്ത അവശിഷ്ടം പരിശോധിച്ചു. വിദഗ്ധരെത്തി ശാസ്ത്രീയ പരിശോധനയും നടത്തും. മുങ്ങൽ വിദഗ്ധൻ അരിക്കനാട്ട് ഷരീഫിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം പുഴയിൽ ഏറെ ശ്രമകരമായി മുങ്ങിയാണ് ബോട്ടിന്റെ അവശിഷ്ടഭാഗങ്ങൾ ക്രെയിനിൽ കുരുക്കിട്ട് കരയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.