ഇയ്യം മോഷണം: രണ്ടുപേർ പിടിയിൽ
text_fieldsബേപ്പൂർ: ഫിഷിങ് ബോട്ടിന്റെ വലയിൽ ഉപയോഗിക്കുന്ന ഇയ്യം (വലമണി) മോഷ്ടിച്ച രണ്ട് പ്രതികളെ ബേപ്പൂർ പൊലീസ് പിടികൂടി. ബേപ്പൂർ സ്വദേശി ചെറുപുരക്കൽ സി.പി. നിസാർ (37), പന്തീരാങ്കാവ് അറപ്പുഴ മേലോട്ടിൽകുഴുമ്പിൽ കെ. ജിതിൻ (25) എന്നിവരാണ് അറസ്റ്റിലായത്.
ബേപ്പൂർ ക്വയർ ഫാക്ടറിക്ക് കിഴക്കുവശം തെക്കേടത്ത്പറമ്പിൽ വടക്കേപ്പാട്ട് സഹദേവന്റെ ഉടമസ്ഥതയിൽ വീടിനോട് ചേർന്നുള്ള നിർമാണശാലയിൽനിന്ന് ഒന്നിലേറെ തവണ ഇയ്യം മോഷണം നടത്തിയ പ്രതികളാണിവർ. പഴയ ഇയ്യം ഉരുക്കി വിൽപനക്കാവശ്യമായ വലമണികൾ നിർമിച്ച് ചാക്കിൽ സൂക്ഷിച്ചത് പ്രതികൾ രാത്രിയുടെ മറവിൽ മോഷ്ടിക്കുകയായിരുന്നു.
നിർമാണശാലയുടെ വാതിലും ജനലും തകർത്തായിരുന്നു മോഷണം. ഒരു ലക്ഷം രൂപ വിലവരുന്ന 400 കിലോയിലധികം നിർമിച്ചുവെച്ച വലമണികൾ നഷ്ടപ്പെട്ടതായി ഉടമ ബേപ്പൂർ സ്റ്റേഷനിൽ ഒരാഴ്ച മുമ്പ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ബേപ്പൂർ ഫിഷിങ് ഹാർബറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയായിരുന്നു.
നേരത്തേ ഒന്നിലധികം തവണ മോഷണം നടന്നപ്പോൾ ഉടമ സി.സി.ടി.വി കാമറ സ്ഥാപിച്ചത് പ്രതികളെ പിടികൂടുന്നതിന് സഹായകമായി. 35,000 രൂപ വിലവരുന്ന 160 ഓളം കിലോ വലമണി ഫറോക്ക് കല്ലമ്പാറയിലെ ആക്രികടയിൽനിന്ന് പൊലീസ് കണ്ടെടുത്തു.
പ്രതികൾ മുമ്പും ബേപ്പൂർ ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് ചെറിയ മോഷണങ്ങൾ നടത്തിയതായി പറയപ്പെടുന്നു. എസ്.ഐ ശുഹൈബിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ പ്രേമലത, ദീപ്തി ലാൽ, സി.പി.ഒ പ്രജീഷ്, എസ്.സി.പി.ഒ മധുസൂദനൻ എന്നിവരാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.