ഓഖി ദുരന്തത്തിന് മൂന്നാണ്ട്; നടുക്കുന്ന ഓർമകളിൽ തീരദേശം
text_fieldsബേപ്പൂർ: തീരദേശവാസികൾക്ക് നടുക്കുന്ന ഓർമകൾ ബാക്കി വെച്ച, ഓഖി ദുരന്തത്തിന് ഇന്നേക്ക് മൂന്നാണ്ട്. സർക്കാർ കണക്കുപ്രകാരം 143 മത്സ്യത്തൊഴിലാളികളാണ് 2017 നവംബർ 30ന് വീശിയടിച്ച കാറ്റിൽ മരിച്ചത്. 52 പേർ മരണമടഞ്ഞവരുടെ പട്ടികയിലും 91 പേർ കാണാതായവരുടെ പട്ടികയിലുമാണ്.
29ന് രാത്രിയോടെയാണ് ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ആഞ്ഞുവീശിത്തുടങ്ങിയത്. പരമ്പരാഗത മീൻപിടിത്തക്കാരിൽ പലരും കാറ്റിെൻറ ശക്തിമാറ്റമറിഞ്ഞ് മീൻപിടിത്തം ഉപേക്ഷിച്ച് പുലർച്ചയോടെ തീരമണഞ്ഞു. എന്നിട്ടും നിരവധി പേർ പതിവുപോലെ വീണ്ടും കടലിലിറങ്ങി. 30ന് രാവിലെ പത്തോടെ കടലിെൻറ സ്വഭാവം പാടെ മാറി. അതിശക്തമായ കാറ്റിനൊപ്പം കൂറ്റൻ തിരമാലകളിലും ചിലർ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും നിരവധി പേർ മരണത്തിലേക്ക് താഴ്ന്നുപോയി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ലഭ്യമാക്കി. തുക അവകാശികളുടെ പേരിൽ ട്രഷറിയിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന് മാസാമാസം ലഭിക്കുന്ന പലിശയിലാണ് കുടുംബത്തിെൻറ ജീവിതം ഇപ്പോൾ മുന്നോട്ടുപോകുന്നത്. പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരം ലഭിക്കാത്തവർ ഇനിയുമുണ്ടെന്നാണ് മത്സ്യത്തൊഴിലാളി സംഘടന നേതാക്കളുടെ അഭിപ്രായം.
മരിച്ചവരുടെ ആശ്രിതരിൽ പലർക്കും, സർക്കാർ താൽക്കാലിക ജോലി നൽകിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം പലരും വേണ്ടെന്ന് വെച്ചു.ഓഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ അടിയന്തര കടൽ രക്ഷാ പ്രവർത്തനത്തിനായി സർക്കാർ, മറൈൻ ആംബുലൻസുകൾ കടലിൽ ഇറക്കുമെന്ന് പ്രഖ്യാപിച്ചു. ഒമ്പത് തീരദേശ ജില്ലകൾക്കായി മൂന്ന് ആംബുലൻസുകൾ പ്രഖ്യാപിച്ചെങ്കിലും ഒന്നുമാത്രമാണ് പണി പൂർത്തിയായി ഈയിടെ കടലിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.