വില്ലേജ് ഓഫിസിലെ മോഷണം; പ്രതി അറസ്റ്റിൽ
text_fieldsബേപ്പൂർ: ബേപ്പൂർ വില്ലേജ് ഓഫിസിലെ വാതിലിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം ബേപ്പൂർ പൊലീസ് വലയിലാക്കി. തിരുവനന്തപുരം പുല്ലൂരിലെ കൊളത്തൂർ അഖിനാണ് (23) പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും മോഷ്ടിച്ച ബൈക്കിൽ ബേപ്പൂരിലെത്തി ഒളിവിൽ താമസിച്ചാണ് മോഷണത്തിന് പദ്ധതി തയാറാക്കിയത്.
മൂന്നുമാസം മുമ്പ് ഇയാൾ പിതാവിനൊപ്പം ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ജോലിക്കെത്തിയിരുന്നു. ഈ പരിചയത്തിലാണ് വില്ലേജ് ഓഫിസിൽ മോഷണത്തിനെത്തിയത്. വില്ലേജ് ഓഫിസിന് മുൻവശത്തുള്ള സ്വർണക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൊലീസിന് പ്രതിയുടെ ചിത്രം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഫറോക്ക് ഭാഗത്തേക്ക് നീങ്ങിയതായി മനസ്സിലായി.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് ഫറോക്ക് പൊലീസിന്റെ സഹായത്തോടെ ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ വി. സിജിത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പൊയിലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒമ്പതോളം കളവു കേസുകളിലും, പാലക്കാട് ജില്ലയിൽ നിന്നും പത്തു കിലോ കഞ്ചാവ് കടത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ബേപ്പൂർ ഭാഗത്ത് പല മോഷണങ്ങൾക്കും ഒരുക്കം കൂട്ടിയിരുന്നതായി പൊലീസ് പറഞ്ഞു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.