കടലിൽ കാണാതായ ബോട്ടും 16 തൊഴിലാളികളും എവിടെ?
text_fieldsബേപ്പൂർ: ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തനിന്നും ആഴക്കടലിൽ മീൻ പിടിത്തത്തിന് പോയ യന്ത്രവത്കൃത ബോട്ട് കാണാതായിട്ട് ഒരു വർഷം. ബേപ്പൂർ സ്വദേശി കെ.ടി. ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള 'അജ്മീർ ഷാ' ബോട്ടും, 16 തൊഴിലാളികളെയുമാണ് കാണാതായത്.
കഴിഞ്ഞ വർഷം മേയ് അഞ്ചിന് ബേപ്പൂരിൽനിന്നും ചൂണ്ടൽ പണിക്ക് പുറംകടലിൽ പോയതിനു ശേഷം 20 ദിവസം കഴിഞ്ഞിട്ടും ആരുമായും ബന്ധപ്പെടാത്തതിനെ തുടർന്ന് ബോട്ട് കാണാനില്ലെന്ന് കാണിച്ച് ഉടമ പരാതി നൽകുകയായിരുന്നു. 15 ദിവസം കടലിൽ തങ്ങാനുള്ള ഭക്ഷണ പാനീയങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളും, ഡീസലും, ഐസും മാത്രമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽ 12 തമിഴ്നാട് സ്വദേശികളും, നാല് പശ്ചിമബംഗാൾ സ്വദേശികളുമായിരുന്നു ജോലിക്കാർ. ബോട്ടിനെയും തൊഴിലാളികളെയും കണ്ടെത്താൻ ഫിഷറീസ് വകുപ്പും, കോസ്റ്റൽ പൊലീസും, പിന്നീട് കോസ്റ്റ് ഗാർഡിന്റെ സാവിത്രിബായ്, ഫൂലെ, വിക്രം എന്നീ കപ്പലുകളും, ഡോണിയർ വിമാനങ്ങളും കേരളം, കർണാടക, ഗോവ സംസ്ഥാനങ്ങളിലെ പുറംകടലുകളിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബേപ്പൂരിൽനിന്ന് ബോട്ട് ഉടമയുടെയും തൊഴിലാളികളുടെ ബന്ധുക്കളുടെയും നേതൃത്വത്തിൽ മംഗളൂരു, കാർവാർ, ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ മറ്റു യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗപ്പെടുത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലംകണ്ടില്ല.
പിന്നീട് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെൻറ്, ഫിഷറീസ് ഡിപ്പാർട്മെന്റ്, കോസ്റ്റ് ഗാർഡ് എന്നിവർക്കും മുഖ്യമന്ത്രി, ഫിഷറീസ്, ടൂറിസം, തുറമുഖവകുപ്പ് മന്ത്രിമാർക്കും കേന്ദ്ര മന്ത്രിമാർക്കും നിവേദനവും നൽകി. തൊഴിലാളികളെയും ബോട്ടിനെയും കണ്ടെത്താനാവാത്തതിനെ തുടർന്ന് ബോട്ട് അപകടത്തിൽപെട്ടിരിക്കാമെന്ന നിഗമനത്തിൽ ഇതിലെ 12 തമിഴ്നാട് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം തമിഴ്നാട് സർക്കാർ നൽകി.
ബോട്ടിന്റെ ഉടമക്ക് ഇതുവരെ ഒരു നഷ്ടപരിഹാരവും കേരളസർക്കാറിൽനിന്ന് ലഭിച്ചിട്ടില്ല. ഉടമക്ക് മതിയായ സാമ്പത്തിക സഹായം താമസിയാതെ നൽകണമെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ കരിച്ചാലി പ്രേമൻ സർക്കാറിനോട് ആവശ്യപ്പെട്ടു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.