എല്ലാവരും പൂസാവുന്നവരല്ല; പക്ഷാഘാത ലക്ഷണങ്ങളുമായി രോഗി റോഡിൽ വീണു
text_fieldsബേപ്പൂർ: ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹാജിറയുടെ അവസരോചിത ഇടപെടലിൽ ഒരു ജീവൻ തിരിച്ചുകിട്ടി. കഴിഞ്ഞ ഞായറാഴ്ച ജോലി കഴിഞ്ഞ് ഫറോക്കിനടുത്ത് കല്ലമ്പാറയിലെ മാതാവിന്റെ വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച് സ്കൂട്ടറിൽ രാമനാട്ടുകരയിലേക്ക് പോകുമ്പോഴാണ് റോഡരികിൽ ആൾക്കൂട്ടം കണ്ടത്. മോട്ടോർസൈക്കിളിൽ ഇരുന്ന് ഒരാൾ ആടിയാടി ഉറക്കം തൂങ്ങുന്നപോലെ വീഴുന്നതാണ് കാണുന്നത്.
കൂടിനിന്നവർ ഉറപ്പിച്ചു പറഞ്ഞു: ‘മദ്യപിച്ചതാണ്; അല്ലെങ്കിൽ എം.ഡി.എം.എ’’. ഒരാൾ ഫറോക്ക് സ്റ്റേഷനിലേക്ക് വിളിച്ചുപറയുന്നുണ്ട്. ‘‘നല്ല പൂസായ ആൾ ഇരുചക്രവാഹനം ഓടിക്കാൻ വയ്യാതെ ഇവിടെ കിടക്കുകയാണ്’’. ഹാജിറ അടുത്തുചെന്ന് രോഗിയെ തൊട്ടുവിളിച്ചപ്പോൾ പ്രതികരണമില്ല. കൂടിനിന്നവരോട് ഇയാളെ തൊട്ടടുത്ത കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്ന് അൽപം ഉച്ചത്തിൽ പറഞ്ഞപ്പോൾ ചിലർ മുന്നോട്ടുവന്നു.
ഒരു ഓട്ടോയിൽ അയാളെ താങ്ങിപ്പിടിച്ച് കയറ്റി. കൂടെ വരാൻ ആരും തയാറായില്ല. പിന്നാലെ സ്കൂട്ടറിൽ ഹാജിറയും ആശുപത്രിയിലേക്ക് വിട്ടു. അത്യാഹിത വിഭാഗത്തിൽ പ്രഥമശുശ്രൂഷ നൽകി. മദ്യപിച്ചതല്ല, സ്ട്രോക്കിന്റെ ലക്ഷണങ്ങളായിരുന്നു.
താമസിയാതെ, ഫറോക്ക് സ്റ്റേഷനിലെ സഹപ്രവർത്തകരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ എത്തി. രോഗിയുടെ പഴ്സിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് കാർഡും ഏതാനും ഫോൺ നമ്പറുകളും ലഭിച്ചു. വൈകാതെ ബന്ധുവും പരിചയക്കാരനും എത്തി. ഉടൻ മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി. നെഞ്ചുവേദന വന്നപ്പോൾ വണ്ടി നിർത്തിയതാണെന്ന് ഓർമവന്നപ്പോൾ രോഗി പറഞ്ഞു.
വഴിയരികിൽ വീണുകിടന്നാൽ, മദ്യത്തിന്റെ പുറത്താണെന്നു പറഞ്ഞ് മാറിനിന്നവരുടെ ഇടയിൽനിന്ന് തക്കസമയത്ത് പൊലീസുകാരിയുടെ ഇടപെടലാണ് അനുഗ്രഹമായത്. തക്കസമയത്ത് ഇടപെട്ട് ആശുപത്രിയിൽ എത്തിച്ച് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഹാജിറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.