ആഴക്കടലിലേക്ക് കുതിക്കാൻ തടിബോട്ടുകൾ ഇരുമ്പിലേക്ക്
text_fieldsബേപ്പൂർ: സംസ്ഥാനത്ത് മത്സ്യബന്ധനം സുരക്ഷിതമാക്കുന്നതിന് തടി നിർമിത ബോട്ടുകൾ ഇരുമ്പ് ബോട്ടാക്കി മാറ്റുന്നതിനുള്ള ഫിഷറീസ് വകുപ്പിന്റെ നൂതന പദ്ധതിക്ക് തുടക്കമായി. മീൻപിടിത്തം ശാസ്ത്രീയ വഴിയിലൂടെ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്. കൂടുതൽ പണം മുടക്കി ബോട്ട് നവീകരിക്കാൻ തൊഴിലാളികൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഇരുമ്പ് ബോട്ട് നിർമിക്കുന്നതിന് സബ്സിഡി സഹിതം സർക്കാർ പദ്ധതി ഒരുക്കിയത്.
പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതിനകം 271 അപേക്ഷകൾ ലഭിച്ചു. ഒരു ബോട്ട് നവീകരിക്കുന്നതിന് 30 ലക്ഷം രൂപയാണ് ചെലവ്. 15 ലക്ഷം രൂപ സർക്കാർ സബ്സിഡി നൽകും.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. 40 അടി വരെ നീളവും 200 എച്ച്.പിക്കുതാഴെ എൻജിൻ ശേഷിയുള്ളതുമായ തടി നിർമിത യന്ത്രവത്കൃത യാനങ്ങളാണ് ഇരുമ്പ് ബോട്ടുകളാക്കുന്നത്. കേരള മറൈൻ ഫിഷറീസ് നിയമം അനുസരിച്ച് 15 വർഷത്തിനു മുകളിൽ പഴക്കമുള്ള ബോട്ടുകൾ പ്രവർത്തിപ്പിക്കാനാകില്ല. ഈ സാഹചര്യത്തിൽ 12 വർഷത്തിനുമേലുള്ള ബോട്ടുകൾ മാറ്റുന്നതിനാണ് ധനസഹായം നൽകുന്നത്. ഇരുമ്പിലേക്ക് മാറുന്ന ബോട്ടുകൾക്ക് 15 വർഷം കാലാവധികൂടി നൽകും.
ഗുണഭോക്താവും ബോട്ട് നിർമാണശാലയും തമ്മിലുള്ള കരാർ അനുസരിച്ചാകും പരിഷ്കരണം. ആദ്യഘട്ടം സബ്സിഡി തുകയുടെ 25 ശതമാനവും നിർമാണം 75 ശതമാനം പൂർത്തിയാകുമ്പോൾ 50 ശതമാനവും യാനം നിർമാണം പൂർത്തിയാക്കുമ്പോൾ അവസാന ഗഡുവും നൽകും. പുതിയ പദ്ധതി പ്രാവർത്തികമാകുന്നതോടെ മീൻപിടിത്തത്തിലൂടെ മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ സാധിക്കും.
പരമ്പരാഗത മീൻപിടിത്ത മേഖലയിലുള്ളവർക്കും ആഴക്കടലിൽ പോകാനും വലിയ വലയിട്ട് മീൻപിടിക്കാനുമുള്ള അവസരമാണ് തടി ബോട്ടുകൾ ഇരുമ്പിലേക്ക് പരിഷ്കരിക്കുമ്പോൾ കൈവരുന്നത്. കാലപ്പഴക്കമുള്ള ബോട്ടുകൾ പരിപാലിക്കുന്നത് വഴിയുണ്ടാകുന്ന നഷ്ടവും കുറക്കാം.
മരത്തടികൊണ്ട് നിർമിച്ച ബോട്ടുകൾക്ക് സുരക്ഷിതമായി ആഴക്കടലിൽ പോകാനോ വലിയ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനോ സാധിക്കാത്തതിനാൽ തീരക്കടൽ കേന്ദ്രീകരിച്ചാണ് മീൻപിടിത്തം നടത്തുന്നത്. ഇത് പലപ്പോഴും പരമ്പരാഗത മീൻപിടിത്തക്കാരുടെ കടൽ അതിർത്തിയിൽ പെടുന്നതിനാൽ ഫിഷറീസ് വകുപ്പിന്റെ നിയമലംഘനത്തിന് ഭീമമായ തുക പിഴ ഒടുക്കേണ്ടിവരുന്നു.
പഴക്കമേറിയ തടിബോട്ടുകളിൽ തൊഴിലാളികളുടെ സുരക്ഷയും അപകട സാഹചര്യവും ഏറെയാണ്. മരനിർമിത ബോട്ടുകൾ ഇരുമ്പ് ബോട്ടാക്കുന്നതിലൂടെ ശീതീകരണ സംവിധാനം, ഐസ് നിർമാണ യൂനിറ്റ്, ബയോ-ടോയ്ലറ്റ് എന്നീ സജ്ജീകരണങ്ങളും ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. രാജ്യാന്തര വിപണിയിൽ ഗുണനിലവാരമുള്ള മത്സ്യത്തിന്റെ ലഭ്യതയും ഇതിലൂടെ ഉറപ്പുവരുത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.