ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്
text_fieldsകോഴിക്കോട്: ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നു. തുറമുഖം ഇന്റർനാഷനൽ ഷിപ്സ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡിന് കീഴിൽ വന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ നാലിന് നടക്കും. വിദേശ യാത്ര-ചരക്കു കപ്പലുകൾ തുറമുഖത്ത് പ്രവേശിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെയുള്ള സംവിധാനം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്രസർക്കാർ ഐ.എസ്.പി.എസ് സർട്ടിഫിക്കേഷൻ നൽകിയത്. ഐ.എസ്.പി.എസ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി എം.എം.ഡി നിർദേശപ്രകാരം തുറമുഖത്ത് സുരക്ഷ സംവിധാനങ്ങൾ നേരത്തേ വിപുലപ്പെടുത്തിയിട്ടുണ്ട്.
തുറമുഖ അതിർത്തിക്ക് ചുറ്റും രണ്ടു മീറ്റർ ഉണ്ടായിരുന്ന ചുറ്റുമതിൽ 2.4 മീറ്ററാക്കി ഉയർത്തി അതിനു മുകളിൽ കമ്പിവേലി സ്ഥാപിച്ചു. തുറമുഖ കവാടത്തിൽ എക്സ്റേ സ്കാനിങ് സംവിധാനവും മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ചു. തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകളും ചെറു വെസലുകളും തിരിച്ചറിയാൻ ഓട്ടോമാറ്റിക് റഡാർ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാർഫിലും മറ്റും ആധുനിക വാർത്തവിനിമയ സംവിധാനം ഒരുക്കിയതിനൊപ്പം തുറമുഖത്തെ മുഖ്യ കവാടവും പാസഞ്ചർ ഗേറ്റും പുനർനിർമിച്ചു.
മെർക്കന്റയിൽ ചട്ടപ്രകാരം ഐ.എസ്.പി.എസ് കോഡിൽ ഉൾപ്പെടുന്ന തുറമുഖങ്ങളിൽ മാത്രമേ വിദേശ കപ്പലുകൾ അടുപ്പിക്കാൻ അനുമതിയുള്ളൂ. കോഡ് ലഭിച്ചതോടെ വിദേശ കാർഗോ -പാസഞ്ചർ കപ്പലുകൾക്ക് ബേപ്പൂരിലേക്ക് നേരിട്ട് വരാൻ വഴിയൊരുങ്ങി. മാത്രമല്ല, രാജ്യാന്തര യുനീക് ഐഡന്റിറ്റി നമ്പർ ലഭിക്കുന്ന മലബാറിലെ പ്രധാന തുറമുഖമായി ബേപ്പൂർ മാറി.
സെപ്റ്റംബർ നാലിന് വൈകീട്ട് 3.30ന് ബേപ്പൂർ തുറമുഖ പരിസരത്ത് ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.