ബിഹാർ സ്വദേശിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവം: പ്രതികൾ റിമാൻഡിൽ
text_fieldsകൊടുവള്ളി: കിഴക്കോത്ത് എളേറ്റിൽ വട്ടോളിയില്‍ കവര്‍ച്ചക്കെത്തിയ സംഘം ബിഹാര്‍ സ്വദേശിയായ തൊഴിലാളി അലി അക്ബറിനെ (23) ബൈക്കില്‍ വലിച്ചിഴച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് പിടികൂടിയ കാക്കൂർ രമല്ലൂർ സ്വദേശികളായ മഞ്ഞളാംകണ്ടി മീത്തൽ ഷംനാസ് (23), കുന്നുമ്മൽതാഴം സനു കൃഷ്ണ (18) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് കാക്കൂരിൽനിന്നാണ് ഇരുവരേയും കൊടുവള്ളി പൊലീസ് പിടികൂടുന്നത്. ചോദ്യം ചെയ്യലിനുശേഷം ശനിയാഴ്ച വൈകീട്ട് ഇവരെ സംഭവം നടന്ന എളേറ്റിൽ വട്ടോളിയിലെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ബുധനാഴ്ച വൈകീട്ട് ആറരയോടെ എളേറ്റിൽ ഇയ്യാട് റോഡിലായിരുന്നു സംഭവം. ബൈക്കിലെത്തിയ മോഷ്ടാക്കൾ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിനോട് ഫോണ്‍ വിളിക്കാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി നടിക്കുകയും ഉടനെ ബൈക്ക് മുന്നോട്ടെടുക്കുകയുമായിരുന്നു. ഈ സമയം ബൈക്കില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന അലി അക്ബറിനെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്. റോഡില്‍ വീണ അലി അക്ബര്‍ എഴുന്നേറ്റ് ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കിെൻറ പിന്നിലിരുന്നയാളുടെ മൊബൈല്‍ ഫോണ്‍ റോഡിലേക്ക് തെറിച്ചുവീണു. ഇത് നാട്ടുകാര്‍ കൊടുവള്ളി പൊലീസിന് കൈമാറി. തുടർന്നാണ് പ്രതികൾ പൊലീസ് പിടിയിലാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.