അമിതവേഗത ചോദ്യംചെയ്ത ബൈക്ക് യാത്രികനെ ബസിടിച്ച് തെറിപ്പിച്ചു
text_fieldsകോഴിക്കോട്: ദീർഘദൂര ബസുകളുടെ മിന്നൽ വേഗത റോഡുകളെ കൊലക്കളമാക്കുന്നത് പതിവായതിനു പിന്നാലെ അമിത വേഗത ചോദ്യംചെയ്ത ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയതായി പരാതി. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ കിടന്ന യാത്രികനെ കാൽനടക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ മാവൂർ റോഡിലാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്റഫിനെയാണ് ബസിടിച്ച് തെറിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ആദിലിനും പരിക്കുണ്ട്. കോഴിക്കോട് -കണ്ണൂർ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ -58 ജി 3069 നമ്പർ 'ഫെറാരി' ബസാണ് ഇടിച്ചുതെറിപ്പിച്ചതെന്ന് അഷ്റഫ് പറഞ്ഞു. അമിത വേഗതയിൽ വന്ന ബസിലെ ഡ്രൈവറോട് മെല്ലെ പോയാൽ പോരേയെന്ന് മാവൂർ റോഡിലെ ബസ് സ്റ്റോപ്പിനടുത്തുനിന്ന് അഷ്റഫ് പറഞ്ഞിരുന്നു. ഇതോടെ ബസിലെ ക്ലീനർ അഷ്റഫിനെ ഭീഷണിപ്പെടുത്തി.
തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനു സമീപത്തുനിന്ന് മനഃപൂർവം ബൈക്കിനുപിന്നിൽ ഇടിക്കുകയും നിർത്താതെ പോവുകയുമായിരുന്നുവത്രെ. അഷ്റഫിന്റെ കാലിന് പൊട്ടലുണ്ട്. മകൻ ആദിലിന്റെ കാൽവിരലുകൾക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസിനെതിരെ നടപടിയാവശ്യപ്പെട്ട് നടക്കാവ് പൊലീസിൽ പരാതി നൽകി.
കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും മിന്നൽ വേഗതയും അടുത്ത ദിവസങ്ങളിലായി നിരവധി ജീവനുകളാണ് അപഹരിച്ചത്.വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിന് മുന്നിൽവെച്ച് അമിത വേഗതയിൽവന്ന സ്വകാര്യ ബസിടിച്ച് പുറക്കാട്ടിരി സ്വദേശികളായ രണ്ടുപേർ ദാരുണമായി മരിച്ചതാണ് ഇതിൽ അവസാനത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.