ബിനീഷിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് സഹോദരിമാർ
text_fieldsബാലുശ്ശേരി: ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് മരിച്ച എരമംഗലം നടവരമ്പ് ബിനീഷിന്റെ (42) മരണം ആസൂത്രിത കൊലപാതകമാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിനീഷിന്റെ സഹോദരിമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ 27ന് കൊളത്തൂർ കരിയാത്തൻകോട്ടക്കൽ ക്ഷേത്രത്തിൽ സുഹൃത്തുക്കളോടൊപ്പം ബിനീഷ് പോയത് ഏപ്രിൽ 21ന് പുതിയകാവ് കുടുംബ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവ പരിപാടിക്ക് ക്ഷണിക്കാനാണ്.
എന്നാൽ, അവിടെയുള്ളവർ പുതിയകാവ് ക്ഷേത്രത്തിലേക്ക് വരില്ലെന്നു പറഞ്ഞതിനെ തുടർന്നുണ്ടായ വാക്ക്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സുഹൃത്തുക്കൾ വിളിച്ചറിയിച്ചതിനെ തുടർന്ന് രാവിലെ കൊളത്തൂർ കരിയാത്തൻകോട്ട ക്ഷേത്രപറമ്പിലെത്തിയപ്പോൾ ബിനീഷ് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ബിനീഷിന്റെ ശരീരത്തിൽ വയറിന്റെ ഭാഗത്ത് കറുത്ത നിറത്തിൽ രക്തം കട്ടപിടിച്ചനിലയിലും ശരീരത്തിൽ വിവിധയിടങ്ങളിലായി പരിക്കേറ്റ പാടുകളുമുണ്ടായിരുന്നു.
ആശുപത്രിയിലെത്തിച്ച് സ്കാൻ ചെയ്തപ്പോഴാണ് തലയോട്ടി പൊട്ടി രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് ഡോക്ടർ അറിയിച്ചത്. അഞ്ചു ദിവസത്തോളം വെന്റിലേറ്ററിൽ കിടന്ന ശേഷം ശനിയാഴ്ച രാവിലെ ആറരയോടെയാണ് ബിനീഷ് മരിച്ചത്. ക്രൂരമായ ആക്രമണത്തിലാണ് ബിനീഷിന് ഗുരുതര പരിക്കേറ്റതെന്ന് സഹോദരിമാരായ ധന്യയും മിനിയും പറഞ്ഞു.
ബിനീഷിന്റെ കൂടെപോയ സുഹൃത്തുക്കളെയും സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന കൊളത്തൂർ കരിയാത്തൻകോട്ട ക്ഷേത്രത്തിലെ ആളുകളെയും ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്തുവരുമെന്നും അവർ പറഞ്ഞു. കൂലിപ്പണിക്കാരനായ ബിനീഷ് ക്ഷേത്ര വെളിച്ചപ്പാടുകൂടിയാണ്. ബിനീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം നടത്തണമെന്നും പട്ടികജാതി ക്ഷേമ സമിതി ബാലുശ്ശേരി ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.