ബയോ മെഡിക്കൽ മാലിന്യം ഇനി 'ആക്രി' കൊണ്ടുപോകും
text_fieldsകോഴിക്കോട്: നഗരപരിധിയിലെ വീടുകളിൽനിന്നുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ പൂർണമായും ഇനി ‘ആക്രി’ കൊണ്ടുപോകും. കോർപറേഷൻ ആവിഷ്കരിച്ച നൂതന പദ്ധതി പ്രകാരമാണിത്. വീടുകളിൽ നിന്ന് ഡയപ്പറും സാനിറ്ററി നാപ്കിനും ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ആളുകൾക്ക് അറിയിക്കാനുള്ള മൊബൈൽ ആപ്പാണ് ‘ആക്രി’ (AAKRI). കോർപറേഷനുമായി എ ഫോർ മർക്കന്റയിൽ പ്രൈവറ്റ് ലിമിറ്റഡാണ് കരാറുണ്ടാക്കിയത്. ഇവരുടെ പ്രതിനിധികൾ വീടുകളിലെത്തി ശേഖരിക്കുന്ന മാലിന്യം കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (കെൽ) ബ്രഹ്മപുരത്തെ പ്ലാന്റിലാണ് ശാസ്ത്രീയമായി സംസ്കരിക്കുക.
യൂസർ ഫീ ഈടാക്കിയാണ് വീട്ടിലെത്തി മാലിന്യം ശേഖരിക്കുക. ഏജൻസി ഒരു രൂപ തോതിൽ കോർപറേഷന് നൽകും. പദ്ധതി യാഥാർഥ്യമായതോടെ ചെറിയ കുട്ടികളും കിടപ്പുരോഗികളുമുള്ള നിരവധി കുടുംബങ്ങളുടെ പ്രതിസന്ധിയാണ് ഒഴിയുന്നത്. ഉപയോഗശേഷം ഡയപ്പറുകൾ ഉൾപ്പെടെയുള്ളവ സംസ്കരിക്കാൻ സംവിധാനങ്ങളില്ലാത്തതിനാൽ പലരും കുഴിച്ചുമൂടുകയാണ് ചെയ്തിരുന്നത്. മാത്രമല്ല ഇത്തരം മാലിന്യങ്ങൾ പലപ്പോഴും കോഴിക്കോട് ബൈപ്പാസിൽ ഉൾപ്പെടെ ആളൊഴിഞ്ഞ ഭാഗങ്ങളിൽ തള്ളുന്നതും പതിവായിരുന്നു. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവരാണ് ഡയപ്പർ സംസ്കരണത്തിനും മറ്റും വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. ഇതിനെല്ലാമാണ് പരിഹാരമാവുന്നത്.
മരുന്ന്, രാസമാലിന്യം, മൈക്രോ ബയോളജി, സാനിറ്ററി പാഡ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഡയപ്പർ, ബയോടെക്നോളജി, ക്ലിനിക്കൽ ലബോറട്ടറി മാലിന്യം എന്നിവ മഞ്ഞ വിഭാഗത്തിലും ട്യൂബ്, കുപ്പികൾ, യൂറിൻ ബാഗ്, സൂചിയില്ലാത്ത സിറിഞ്ച്, ബ്ലേഡ്, കൈയുറ തുടങ്ങിയവ ചുവപ്പ് വിഭാഗത്തിലും ലോഹ സൂചി, ഉറപ്പിച്ച സിറിഞ്ചുകളുള്ള സൂചി തുടങ്ങിയവ വെള്ള വിഭാഗത്തിലും മരുന്നുകുപ്പികൾ, ആമ്പ്യൂളുകൾ ഉൾപ്പെടെ തകർന്ന മലിനമായ ഗ്ലാസ് എന്നിവ നീല ഇനത്തിലും ഉൾപ്പെടുത്തിയാണ് ശേഖരിക്കുന്നത്. ഇത്തരം ഇനങ്ങൾക്ക് ഈ നിറങ്ങളിലുള്ള കവറുകൾ കമ്പനി നൽകും. കോർപറേഷനുമുന്നിൽ ഫ്ലാഗ് ഓഫ് നിർവഹിച്ച് മേയർ ഡോ. ബീന ഫിലിപ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. ജയശ്രീ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.