പക്ഷിപ്പനി: ചാത്തമംഗലം കോഴിവളർത്ത് കേന്ദ്രത്തിലെ മുഴുവൻ കോഴികളെയും കൊന്നു
text_fieldsചാത്തമംഗലം (കോഴിക്കോട്): പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സർക്കാർ പ്രാദേശിക കോഴിവളർത്തുകേന്ദ്രത്തിൽ കോഴികളെ കൊല്ലുന്ന പ്രക്രിയ പൂർത്തിയായി. ശനിയാഴ്ച 7837 കോഴിക്കുഞ്ഞുങ്ങളെയും 409 വലിയ കോഴികളെയും കൊന്നു.
30,390 കോഴിമുട്ടയും 9000 കിലോ തീറ്റയും നശിപ്പിച്ചു. 2987 വലിയ കോഴികളെയാണ് വെള്ളിയാഴ്ച കൊന്നത്. അടുത്തദിവസം ഫാമിൽ അണുനശീകരണം തുടങ്ങും. കോഴിവളമടക്കം കത്തിച്ചുകളയണം. ഫാമിൽ 11 വലിയ കൂടുകളാണുള്ളത്.
ഇവിടെയെല്ലാം അണുനശീകരണം നടത്തി നടപടി പൂർത്തിയാക്കുന്നതിന് സമയമെടുക്കും. മറ്റ് പരിശോധനകൾ പൂർത്തിയാക്കി മൂന്നു മാസത്തിനകം പുതിയ സ്റ്റോക്ക് എത്തിച്ച് പ്രവർത്തനം പുനരാരംഭിക്കാനാണ് തീരുമാനം. ഫാമിലെ കോഴികളെ കൊന്നൊടുക്കുന്നതിന് അഞ്ചംഗങ്ങളുള്ള നാല് സംഘങ്ങളാണ് പ്രവർത്തിച്ചത്.
അസി. ഡയറക്ടർ ഡോ. സിബി കെ. ചാക്കോയാണ് നേതൃത്വം നൽകിയത്. ഫാമിന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയും കോഴികളെയും കൊന്നൊടുക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ആറ് സംഘങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, ജനപ്രതിനിധികൾ, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, വളന്റിയർമാർ തുടങ്ങിയവരുടെ സഹായത്തോടെയാണ് നടപടി പുരോഗമിക്കുന്നത്. അതേസമയം, ആദ്യദിവസം ചത്ത കോഴിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറടക്കം ഫാമിലെ നാല് ജീവനക്കാർക്ക് നേരിയ രോഗലക്ഷണങ്ങൾ കണ്ടിരുന്നു.
ഇവർക്ക് ലക്ഷണങ്ങളെല്ലാം കുറഞ്ഞിട്ടുണ്ട്. അടുത്തദിവസം ഇവർക്ക് ജോലിക്ക് പ്രവേശിക്കാനാകുമെന്നാണ് കരുതുന്നത്. ഇവരുടെ സ്രവ സാമ്പിൾ പരിശോധക്കയച്ചിരുന്നെങ്കിലും ഫലം വന്നിട്ടില്ല. ജനുവരി ആറിനാണ് ഫാമിലെ കോഴികൾ ചത്തുതുടങ്ങിയത്. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിൽ ബുധനാഴ്ച പക്ഷിപ്പനി സ്ഥിരീകരിച്ചു.
അതിവ്യാപന ശേഷിയുള്ള എച്ച് 5 എൻ 1 വകഭേദമാണ് ചാത്തമംഗലത്ത് കണ്ടത്തിയത്. ജനുവരി ആറിനുതന്നെ ഫാം അടക്കുകയും കോഴിക്കുഞ്ഞുങ്ങളും മുട്ടയും വിതരണംചെയ്യുന്നത് നിർത്തിവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.