ഫറോക്കിൽ ഗോഡൗണിൽ വൻതീപിടിത്തം
text_fieldsഫറോക്ക്/കോഴിക്കോട്: മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിർത്തി പെയിന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിൽ വൻതീപിടിത്തം. ചെറുവണ്ണൂർ ടി.പി റോഡിൽ കാലിക്കറ്റ് ടൈൽസിനു സമീപം ഗോഡൗണായി ഉപയോഗിച്ചിരുന്ന ഇരുനിലകെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നെത്തിയ ഫയർ യൂനിറ്റുകൾ മൂന്നര മണിക്കൂർ അത്യധ്വാനം ചെയ്താണ് തീകെടുത്തിയത്.
ഗോഡൗൺ പൂർണമായി അഗ്നിക്കിരയായി. സമീപത്തെ ഇരുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അപ്പർ സ്റ്റിച്ചിങ് യൂനിറ്റും കത്തിനശിച്ചു. വൈകീട്ട് അഞ്ചോടെ വൻപൊട്ടിത്തെറിയോടെയാണ് തീ ആളിപ്പടർന്നത്. അസംസ്കൃത വസ്തുക്കളുമായെത്തിയ ടാങ്കർ ലോറിയിലേക്ക് തീപടർന്നെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ ഗോഡൗൺ വളപ്പിനു പുറത്തെത്തിച്ച് വൻദുരന്തം ഒഴിവാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപകാലത്ത് കണ്ട ഏറ്റവും വലിയ തീപിടിത്തമായിരുന്നു ഇത്.
പെരിന്തൽമണ്ണ സ്വദേശി ശിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള സി.ടി ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. പെയിന്റ് നിർമാണത്തിനുള്ള തിന്നർ ടാങ്കർ ലോറികളിലെത്തിച്ച് ബാരലുകളിലാക്കി സൂക്ഷിക്കുന്ന സ്ഥലമാണിത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ടാങ്കർ ലോറിയിൽ നിന്ന് തിന്നർ ബാരലിലേക്ക് റീ ഫിൽ ചെയ്യുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. ഉടൻ ടാങ്കർ വളപ്പിനു പുറത്തെത്തിക്കാൻ കഴിഞ്ഞു. ഇടത് കൈക്കും വലതു കാലിനും പൊള്ളലേറ്റ ഗോഡൗൺ ജീവനക്കാരായ പുളിക്കൽ സിയാകണ്ടം സ്വദേശി സുഹൈലിനെ (19) ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോഡൗണിൽ പത്തിലധികം ജീവനക്കാരുണ്ടായിരുന്നെങ്കിലും ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒരു സ്കൂട്ടറും, ബുള്ളറ്റും പൂർണമായും കത്തിച്ചാമ്പലായി.
കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ഫയർ സ്റ്റേഷനുകളിലെ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എത്തിയ 45 ലധികം ഫയർ യൂനിറ്റുകൾ മൂന്നര മണിക്കൂർ കഠിനാധ്വാനം നടത്തി എട്ടരക്കാണ് തീ പൂർണമായി കെടുത്തിയത്. രാഗേഷിന്റെ ഉടമസ്ഥതയിലുള്ള സമീപത്തെ പെർഫെക്ട് ഫുട്ട്വെയർ അപ്പർ സ്റ്റിച്ചിങ് യൂനിറ്റ് അഗ്നിക്കിരയായി. ഈ കമ്പനിയിലെ റക്സിൻ, കമ്പ്യൂട്ടർ, മെഷിനറികളും അഗ്നിക്കിരയായി. ഈ കെട്ടിടത്തിനും വൻ നാശനഷ്ടമുണ്ടായി.
ഗോഡൗണിന്റെ സമീപത്തെ ഇരുനില വീട്ടിലെ വാട്ടർടാങ്ക് കത്തിനശിച്ചു. ചുമരുകൾക്ക് കേടുപാടുമുണ്ട്.
ജില്ല പൊലീസ് മേധാവി അക്ബർ, സ്പെഷൽ ബ്രാഞ്ച് എ.സി.പി ഉമേഷ്, ട്രാഫിക് എ.സി.പി.മാരായ കുഞ്ഞിമൊയ്തീൻകുട്ടി, ജോൺസൺ, ട്രാഫിക് ഡി.സി.പി ഡോ. ശ്രീനിവാസ്, ഫറോക്ക് എ.സി.പി എം.എ. സിദ്ദീഖ് തുടങ്ങി ജില്ലയിലെ മുഴുവൻ പൊലീസ് മേധാവികളും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
ഫറോക്ക്, നല്ലളം, ബേപ്പൂർ, മാറാട്, പന്നിയങ്കര , സ്റ്റേഷനുകളിൽ നിന്നും പൊലീസ് സന്നാഹവും സ്ഥലത്തെത്തി. ജില്ല ഫയർ ഓഫിസർ അഷ്റഫലി, റീജനൽ ഫയർ ഓഫിസർ റജീഷ്, സ്റ്റേഷൻ ഓഫിസർ റോബി വർഗീസ്, സീനിയർ ഫയർ ഓഫിസർ സജിലൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. തിന്നർ കത്തിയ കറുത്ത പുക വിദൂരങ്ങളിലേക്കും പടർന്നു.
ഫയർ ആൻഡ് റെസ്ക്യു വളന്റിയർമാരും, ചെറുവണ്ണൂർ, ഫറോക്ക് മേഖലകളിലെ സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.