ബ്ലീച്ചിങ് പൗഡർ സ്റ്റോക്കില്ല; മെഡിക്കൽ കോളജ് എങ്ങനെ ശുചീകരിക്കും?
text_fieldsകോഴിക്കോട്: കാലവർഷം ആരംഭിച്ച് പകർച്ചവ്യാധി ഭീഷണി നിലനിൽക്കുമ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫാർമസി സ്റ്റോറിൽ ബ്ലീച്ചിങ് പൗഡർ സ്റ്റോക്കില്ല. വരുംദിവസങ്ങളിൽ ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങളെ ഇത് പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക. നിലവിൽ ആശുപത്രിയിലെ മെഡിക്കൽ സ്റ്റോറിൽ ഉണ്ടായിരുന്ന ഉപയോഗ യോഗ്യമായ ബ്ലീച്ചിങ് പൗഡർ പൂർണമായും വിതരണം ചെയ്തുകഴിഞ്ഞു.
സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തത്തെ തുടർന്ന് മെഡിക്കൽ കോളജിൽ നേരത്തെ എത്തിച്ച ബ്ലീച്ചിങ് പൗഡർ ശേഖരം മരവിപ്പിച്ച് മാറ്റിവെക്കേണ്ടി വന്നതാണ് പ്രതിസന്ധിക്ക് കാരണം. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) നിർദേശ പ്രകാരം 1000 കിലോയിലധികം ബ്ലീച്ചിങ് പൗഡറാണ് മരവിപ്പിച്ച് നിർത്തിയത്.
ഇവ കെ.എം.എസ്.സി.എൽ തിരിച്ചെടുത്ത് പകരം ഉപയോഗയോഗ്യമായത് എത്തിച്ചിട്ടില്ല. പുതിയ സ്റ്റോക്ക് ഉടൻ എത്തിച്ചാൽ മാത്രമേ വാർഡുകളിൽ ആവശ്യത്തിനനുസരിച്ച് യഥാസമയം വിതരണം ചെയ്യാൻ കഴിയൂ. പുതിയ സ്റ്റോക്കിന് ഇന്റന്റ് നൽകി കാത്തിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
നേരത്തെ അനുവദിച്ച ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചാണ് ഇപ്പോൾ വാർഡുകളിൽ ശുചീകരണ പ്രവർത്തനം നടത്തുന്നത്. പ്രതിമാസം ശരാശരി 1500 കിലോ ബീച്ചിങ് പൗഡറാണ് മെഡിക്കൽ കോളജ് ശുചീകരണത്തിന് ആവശ്യമായി വരുന്നത്. ഒരു മാസത്തേക്കുള്ളത് ഒന്നിച്ചാണ് വാർഡുകളിലേക്ക് ബ്ലീച്ചിങ് പൗഡർ അനുവദിക്കുക. ഒരു ദിവസം ശരാശരി 4-5 വാർഡുകളിൽ നിന്ന് ബ്ലീച്ചിങ് പൗഡർ ആവശ്യപ്പെട്ട് അപേക്ഷ ലഭിക്കും.
സ്റ്റോറിൽ നിന്ന് ഇത് അതാത് സമയങ്ങളിൽ വിതരണം ചെയ്യുകയാണ് പതിവ്. സ്റ്റോക്ക് ഉടൻ എത്തിയില്ലെങ്കിൽ പുറത്തുനിന്ന് ബ്ലീച്ചിങ് പൗഡർ വാങ്ങേണ്ടിവരും. 10 വാർഡുകളിൽനിന്ന് അപേക്ഷകൾ വരുമ്പോൾ പുറത്തുനിന്ന് വാങ്ങി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടാൽ ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയുടെ ശുചീകരണം താളം തെറ്റും.
വാർഡുകൾക്ക് പുറത്ത് നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കും ഫാർമസി സ്റ്റോറിൽനിന്നാണ് ബ്ലീച്ചിങ് പൗഡർ അനുവദിക്കുന്നത്. മഴക്കാലത്ത് പകർച്ചവ്യാധികൾ വർധിക്കുന്നതിനാൽ ബ്ലീച്ചിങ് പൗഡറിന്റെ ഉപയോഗവും കൂടും. ഈയിടെ കെ.എം.എസ്.സി.എല്ലിന്റെ സ്റ്റോറുകളിൽ തീപിടിത്തമുണ്ടായതിനെ തുടർന്നാണ് ആരോപണ വിധേയമായ ബാച്ചുകളിലെ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കരുതെന്ന് കെ.എം.എസ്.സി.എൽ ആശുപത്രികൾക്ക് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.