കല്ലാച്ചി ടൗണിലെ കുരുക്ക്; മിനി ബൈപാസ് പ്രവൃത്തി തുടങ്ങി
text_fieldsകല്ലാച്ചി: മിനി ബൈപാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വാണിമേൽ, വളയം ഭാഗത്തുനിന്ന് കല്ലാച്ചി ടൗണിലേക്കുള്ള തിരക്ക് കുറക്കാനാണ് പഴയ ട്രഷറി റോഡ് വഴി മിനി ബൈപാസ് നിർമാണത്തിന് പ്രവർത്തനം ആരംഭിച്ചത്. ഒരു കോടി രൂപ പൊതുമരാമത്ത് ഫണ്ട് അനുവദിച്ചെങ്കിലും പ്രദേശിക തർക്കങ്ങൾ കാരണം പ്രവൃത്തി നീളുകയായിരുന്നു. റോഡ് നിർമാണത്തിനാവശ്യമായ സ്ഥലം പരിസരവാസികൾ വിട്ടുനൽകുകയായിരുന്നു.
നിർമാണം പൂർത്തിയാകുന്നതോടെ വാണിമേൽ, വളയം ഭാഗത്തേക്കുള്ള വാഹനയാത്രക്കാർക്ക് കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്കിൽപെടാതെ സഞ്ചരിക്കാൻ കഴിയും. റോഡ് പ്രവൃത്തി ആരംഭിക്കാനായത് നാട്ടുകാരുടെയും സ്ഥലമുടമകളുടെയും പിന്തുണയുള്ളതുകൊണ്ടാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പറഞ്ഞു. നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ മുൻകൈയെടുത്താണ് റോഡിനാവശ്യമായ ഫണ്ട് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. 430 മീറ്റർ നീളത്തിൽ എട്ടു മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. റോഡ് വീതികൂട്ടാൻ വിട്ടുനൽകിയ സ്ഥലമുടമകൾക്ക് ഈ മാസം എട്ടിന് സർട്ടിഫിക്കറ്റ് നൽകും.
പിന്നീടുള്ള നിർമാണത്തിന് ഇപ്പോൾ വിട്ടുകൊടുക്കുന്ന ഭൂമി കൂടി പരിഗണിക്കുന്ന സൗകര്യം ഇതോടെ ഉടമകൾക്ക് ലഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ, അംഗങ്ങളായ പി.പി. ബാലകൃഷ്ണൻ, സി.വി. നിഷ മനോജ്, കെ.പി. കുമാരൻ, എൻ.കെ. ജമാൽ ഹാജി, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ. ചന്ദ്രൻ, റോഡ് മോഹനൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.