'ഓടിക്കരുത്', ഇ-ഓട്ടോക്കാരെ: നഗരത്തിൽ ഇലക്ട്രിക് ഓട്ടോകൾ തടയുന്നതിൽ കർശന നടപടിയെടുക്കാതെ പൊലീസ്
text_fieldsകോഴിക്കോട്: പുകയും ശബ്ദവുമില്ലാതെ, പ്രകൃതിസൗഹൃദമായി നിരത്തുനിറയുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. സ്കൂട്ടർ മുതൽ ബസ് വരെ ഇ-വാഹനങ്ങളുടെ കാലമാണിത്. എന്നാൽ, ജില്ലയിൽ പൊതുവേയും കോഴിക്കോട് നഗരത്തിൽ പ്രത്യേകിച്ചും ഇ-ഓട്ടോകൾക്ക് നിരത്തിലിറങ്ങാൻ കഴിയാത്ത ദുരവസ്ഥയാണ്. ഡീസൽ ഓട്ടോ ഓടിക്കുന്നവരാണ് ഇ-ഓട്ടോകളെ വിടാതെ പിന്തുടരുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരുമായി സഞ്ചരിക്കുന്നതിനിടെ തടയുകയാണ് പ്രധാന 'ഹോബി'. സഞ്ചാര സ്വാതന്ത്ര്യവും തൊഴിലെടുക്കാനുള്ള അവകാശവും തടയുന്ന നടപടിക്കെതിരെ പൊലീസ് ശക്തമായി ഇടപെടുന്നുമില്ല.
കഴിഞ്ഞ ദിവസം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഫ്രാൻസിസ് റോഡ് സ്വദേശി ഹനീഫയെ ഡീസൽ ഓട്ടോ ഡ്രൈവർമാർ അസഭ്യം പറയുകയും വണ്ടിതടയുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കസബ പൊലീസ് കേസെടുക്കാത്തതിനെതിരെ ഇ-ഓട്ടോ ഡ്രൈവർമാർക്ക് പ്രതിഷേധത്തിനിറങ്ങേണ്ടി വന്നു. തിങ്കളാഴ്ച സിറ്റി പൊലീസ് മേധാവി എ. അക്ബറിനെ ഇ-ഓട്ടോ ഡ്രൈവർമാർ കണ്ട് പരാതിയറിയിച്ചിരുന്നു. വിശദമായ പരാതി എഴുതിനൽകാൻ കമീഷണർ നിർദേശിച്ചിട്ടുണ്ട്.
സർക്കാറിന്റെ സബ്സിഡി, ഡീസൽ ഓട്ടോക്കാരുടെ പ്രതിഷേധം
നഗരത്തിൽ 170 ഇലക്ട്രിക് ഓട്ടോകളാണ് നിലവിൽ ഓടുന്നത്. കേരള സ്റ്റേറ്റ് ഇൻഡിപെൻഡന്റ് ഇ-റിക്ഷ ഡ്രൈവേഴ്സ് യൂനിയൻ എന്ന സ്വതന്ത്ര സംഘടനയുടെ കീഴിൽ ഇ-ഓട്ടോക്കാർ സംഘടിതശക്തിയുമാണ്. 2019 നവംബറിൽ ആദ്യ ഇ-ഓട്ടോ നഗരത്തിൽ ഓടിത്തുടങ്ങിയതുമുതൽ ഡീസൽ ഓട്ടോ ഓടിക്കുന്ന പ്രബല തൊഴിലാളി സംഘടനകൾ ആക്രമണവും പ്രതിഷേധവും തുടങ്ങിയിരുന്നു. സി.സി പെർമിറ്റില്ല എന്നാണ് എതിർപ്പുയർത്തുന്നവരുടെ വാദം. എന്നാൽ, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെർമിറ്റ് വേണ്ടതില്ലെന്ന് ഗതാഗത കമീഷണറും ഹൈകോടതിയുമടക്കം വ്യക്തമാക്കിയിട്ടുണ്ട്. ഇ-ഓട്ടോകൾക്ക് സുരക്ഷിതമായി ഓടാൻ സൗകര്യമൊരുക്കണമെന്ന് 2019 ആഗസ്റ്റിൽ എല്ലാ ആർ.ടി.ഒമാർക്കും സർക്കുലർ അയച്ചിരുന്നു. ഗതാഗത മന്ത്രിമാരും ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാൽ, സർക്കാർ ഉത്തരവുകൾക്ക് ഡീസൽ ഓട്ടോ ഡ്രൈവർമാരും യൂനിയനുകളും വിലകൽപിക്കുന്നില്ല. സബ്സിഡിയും, പെർമിറ്റിലും നികുതിയിലും ഇളവുനൽകിയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇ-വാഹനങ്ങളെ കൈയയച്ച് പ്രോത്സാഹിപ്പിക്കുകയാണ്. 3.45 ലക്ഷം വരെയാണ് നിലവിൽ ഇ-ഓട്ടോയുടെ വില. സർക്കാർ 30000 രൂപ സബ്സിഡി നൽകുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളും കോർപറേഷനുകളും വഴി ഓട്ടോ വാങ്ങുന്നവർക്ക് 60000 രൂപ മുതൽ ഒരു ലക്ഷം വരെ സബ്സിഡി നൽകുന്നുണ്ട്. വാഹന നികുതിക്കും ഇളവ് നൽകുന്നുണ്ട്. ഡ്രൈവർമാർ കാക്കി ധരിക്കേണ്ട, ഏത് സ്റ്റാൻഡിൽനിന്നും ഓടാം, നാലുചക്ര വാഹന ലൈസൻസുള്ളവർക്കും ഓടിക്കാം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
സ്റ്റാൻഡ് രണ്ടിടത്ത് മാത്രം
ഏറെ മുറവിളികൾക്കുശേഷമാണ് നഗരത്തിൽ രണ്ടിടത്ത് ഇ-ഓട്ടോകൾക്ക് സ്റ്റാൻഡ് അനുവദിച്ചത്. മിനി ബൈപാസിൽ സരോവരത്തും ഭട്ട് റോഡ് ബീച്ചിലുമാണ് സ്റ്റാൻഡുള്ളത്. എന്നാൽ, സ്റ്റാൻഡിൽനിന്ന് വണ്ടിയുമായി യാത്ര നടത്തുമ്പോൾ തടയുകയാണ് ചിലർ. മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ടെർമിനൽ, മൊഫ്യൂസൽ ബസ്സ്റ്റാൻഡ്, പാളയം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം ഇ-ഓട്ടോക്ക് അയിത്തമാണ്. നിരന്തരം ആക്രമണമുണ്ടാകുമ്പോൾ യാത്രക്കാരും ഭീതിയിലാണ്. നഗരത്തിൽ 12 ഇടത്ത് കെ.എസ്.ഇ.ബി ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 85ഓളം ചാർജിങ് സംവിധാനങ്ങൾ ഉടൻ വരും. ചാർജ് ചെയ്ത ബാറ്ററികൾ ചെറിയ വാടകക്ക് നൽകുന്ന രീതി ചില പെട്രോൾ പമ്പുകളിൽ തുടങ്ങാനുമിരിക്കുന്നു. അതേസമയം, പെർമിറ്റ് ജനുവരിയോടെ നൽകാമെന്ന് സിറ്റി പൊലീസ് അധികാരികൾ അറിയിച്ചിരുന്നെന്നും നടപടിയായിട്ടില്ലെന്നും പ്രതിഷേധിക്കുന്നവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.