റോഡിലെ തടസ്സങ്ങൾ നീക്കിയില്ല; എല്ലാം പഴയപടി
text_fieldsകോഴിക്കോട്: എൽ.ഐ.സി. കോർണറിൽ ബൈക്കപകടത്തെ തുടർന്ന് നഗര റോഡുകളിൽ തടസ്സങ്ങളും അപകടങ്ങളും ഒഴിവാക്കാൻ നഗരസഭയെടുത്ത തീരുമാനം എങ്ങുമെത്തിയില്ല. കൈയേറ്റങ്ങൾ തടയാൻ കർശന നടപടിയെടുക്കാൻ നഗരസഭ കൗൺസിൽ ആണ് തീരുമാനിച്ചിരുന്നത്.
എൽ.ഐ.സിക്ക് സമീപം ബൈക്കിൽ സഞ്ചരിച്ച കുടുംബം അപകടത്തിൽപെട്ടത് റോഡിലെ സൗകര്യക്കുറവ് കൊണ്ടാണെന്ന് പരാതിയുയർന്നിരുന്നു. ഈ സാഹചര്യത്തിൽ നഗരത്തിലെ റോഡരികിൽ തടസ്സമുണ്ടാക്കുന്ന കച്ചവടങ്ങളും മറ്റും ഒഴിപ്പിക്കാനും ആദ്യഘട്ടമായി കോതി പാലം മുതൽ സൗത് ബീച്ച് വരെയുള്ള മുഴുവൻ റോഡ് കൈയേറ്റവും ഇല്ലാതാക്കാനുമായിരുന്നു മാർച്ച് രണ്ടിലെ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചത്.
പ്രത്യേക ദൗത്യസംഘമുണ്ടാക്കി ഒരാഴ്ചക്കകം മുഖം നോക്കാതെ നടപടിയെടുക്കുമെന്ന പ്രഖ്യാപനം നഗരവാസികളിൽ ഏറെ ആശ്വാസമുണ്ടാക്കി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ച് മറ്റു ഭാഗങ്ങളിലും നടപടിയെടുക്കുമെന്നും പ്രഖ്യാപനമുണ്ടായി. പ്രതിപക്ഷത്തുനിന്ന് എസ്.കെ. അബൂബക്കർ, ഭരണപക്ഷത്തുനിന്ന് ടി.കെ. ചന്ദ്രൻ എന്നിവരുടെ ശ്രദ്ധക്ഷണിക്കലിനെ തുടർന്നായിരുന്നു തീരുമാനം.
എന്നാൽ, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുന്നറിയിപ്പു നൽകുകയല്ലാതെ മറ്റൊന്നും നടന്നില്ല. ഇതുസംബന്ധിച്ച് അടിയന്തരയോഗമോ മറ്റു നടപടികളോ ഉണ്ടായതുമില്ല. കൗൺസിൽ തീരുമാനമുണ്ടായിട്ടും തടസ്സങ്ങൾ നീക്കാതിരിക്കാൻ വൻ സമ്മർദമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മാർച്ച് 27ന് കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാൻ കോർപറേഷൻ അധികൃതർ തീരുമാനിച്ചെങ്കിലും അതും മാറ്റിവെച്ചു. ഒരുതവണ അനധികൃതകടക്കാർക്ക് നോട്ടീസ് നൽകിയതാണെന്ന് നഗരാസൂത്രണ വിഭാഗം പറയുന്നു.
അപകടത്തിൽ രണ്ടുപേർ മരിച്ച എൽ.ഐ.സി ജങ്ഷനിൽ അനാവശ്യ ഡിവൈഡറുകളും അനധികൃത കച്ചവടവുമാണ് അപകടത്തിനിടയാക്കിയതെന്നും ഈ ഭാഗത്തെ റോഡിലെ കച്ചവടം തടയണമെന്നും ആവശ്യമുയർന്നിരുന്നു. എൽ.ഐ.സി കോർണറിനോട് ചേർന്ന് തെരുവു കച്ചവടത്തിന്റെ തിരക്കാണ്. പെരുന്നാൾ തിരക്കിനിടയിൽ വലിയ അപകടാവസ്ഥയാണിവിടെ.
ബീച്ച് റോഡിൽ അനധികൃത കച്ചവടക്കാരുടെ എണ്ണം ദിനേന കൂടുന്നു. മുഹമ്മദലി കടപ്പുറം മുതൽ കോതി പാലം കഴിഞ്ഞും വിവിധയിനം കച്ചവടങ്ങളും മറ്റും കാരണം ഗതാഗതക്കുരുക്ക് സ്ഥിരമാണ്. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന ഷെഡുകളാണ് ഈ ഭാഗത്ത് ഏറെയും. അനുമതിയുള്ള കച്ചവടസ്ഥാപനത്തിന് തൊട്ടുമുന്നിൽ കെട്ടിയുണ്ടാക്കുന്ന താൽക്കാലിക കടകൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.