നാദാപുരത്ത് ജോലി ഒഴിവാക്കാൻ ഒരുങ്ങി ബി.എൽ.ഒമാർ
text_fieldsനാദാപുരം: തെരഞ്ഞെടുപ്പിന്റെ ഏറ്റവും താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരും ജോലിഭാരംകൊണ്ട് വീർപ്പുമുട്ടുന്നവരുമായ ബി.എൽ.ഒമാർ അധിക്ഷേപം സഹിക്കാനാകാതെ ജോലിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കാനൊരുങ്ങുന്നു. നാദാപുരം മണ്ഡലത്തിലെ ബി.എൽ.ഒമാരാണ് തെരഞ്ഞെടുപ്പിനുശേഷം കൂട്ടത്തോടെ ബി.എൽ.ഒ ജോലിയിൽനിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാനൊരുങ്ങുന്നത്.
ബൂത്തുകൾ കേന്ദ്രീകരിച്ച് വോട്ടർപട്ടിക ശുദ്ധീകരിക്കാനും അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്താനും ഇലക്ഷൻ കമീഷനെ സഹായിക്കാനാണ് ബി.എൽ.ഒ സംവിധാനം ബൂത്തുതലത്തിൽ കൊണ്ടുവന്നത്. തികച്ചും സന്നദ്ധസേവന പ്രവർത്തനമായായിരുന്നു തുടക്കം.
എന്നാൽ, ജോലിഭാരം മുഴുവൻ ഇവരിൽ അടിച്ചേൽപിക്കുന്ന സമീപനമാണ് അധികൃതരിൽനിന്ന് പിന്നീടുണ്ടായത്. ജോലിഭാരത്തിന് പുറമെ വോട്ടർപട്ടിക സംബന്ധിച്ചുണ്ടാകുന്ന ആക്ഷേപങ്ങൾക്കും തർക്കങ്ങൾക്കും ബി.എൽ.ഒമാരെ ബലിയാടാക്കാനുള്ള സമീപനം വർധിച്ചതോടെയാണ് ജോലി ഉപേക്ഷിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ അന്തിമ വോട്ടർ പട്ടികയിൽ നിരവധി പിശകുകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാലു മാസത്തോളമായി വോട്ടർ പട്ടികയിൽ പേരുചേർക്കാനും മരിച്ചവരെയും സ്ഥലംമാറിയവരെയും നീക്കം ചെയ്യാനുമുള്ള അവസരമായിരുന്നു.
മാർച്ച് 25 വരെ ഈ പ്രക്രിയ തുടർന്നു. ഇതേക്കുറിച്ച് അന്തിമ റിപ്പോർട്ട് നൽകിയിരുന്നത് ബി.എൽ.ഒമാരായിരുന്നു. എന്നാൽ, പല ബൂത്തുകളിലും ഈ റിപ്പോർട്ടുകൾ അവഗണിച്ച് താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ തന്നിഷ്ടപ്രകാരം വോട്ടർമാരെ നിലനിർത്തുകയും പുതുതായി ഉൾപ്പെടുത്തുകയും ചെയ്തതായി ഇവർ ആരോപിക്കുന്നു. ഇതേത്തുടർന്ന് വർഷങ്ങൾക്കുമുമ്പ് മരിച്ചവർവരെ പുതിയ വോട്ടർ പട്ടികയിൽ നീക്കാതെ കിടപ്പുണ്ട്.
കൂടാതെ കുടുംബമാറ്റത്തിലൂടെയും താമസമാറ്റത്തിലൂടെയും മറ്റ് സ്ഥലങ്ങളിലേക്ക് പോയവരെ പട്ടികയിൽനിന്ന് നീക്കം ചെയ്തിട്ടില്ല. പകരം പുതിയ വോട്ടർമാരായി അംഗീകരിക്കുകയാണ് ചെയ്തത്. രണ്ടിടങ്ങളിൽ ഒരേ വോട്ടർമാരുടെ പേരുകൾ വന്നതോടെ രാഷ്ട്രീയപാർട്ടി നേതാക്കൾ ഇരട്ടവോട്ട് ആരോപണം ഉന്നയിക്കുകയാണ്.
വടകര താലൂക്കിലാണ് ഏറ്റവും കൂടുതൽ ഇരട്ടവോട്ട് ആരോപണം ഉയർന്നിരിക്കുന്നത്. ബി.എൽ.ഒമാരാണ് ഇതിനുള്ള പഴി മുഴുവൻ കേൾക്കേണ്ടിവരുന്നത്. നിരവധി ബി.എൽ.ഒമാർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഇലക്ഷൻ വിഭാഗത്തിന് രാഷ്ട്രീയപാർട്ടി പ്രവർത്തകർ പരാതിയും നൽകിയിരിക്കുകയാണ്.
ബി.എൽ.ഒമാരുടെ റിപ്പോർട്ടുകൾ അവഗണിച്ച് വോട്ടർമാരെ ഉൾപ്പെടുത്തിയ താലൂക്ക് ഇലക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നടപടിയാണ് വോട്ടർ പട്ടികയിലെ ശുദ്ധീകരണത്തിന് തടസ്സമായതെന്നും ഇരട്ടവോട്ട് ആരോപണത്തിന് ഇടയാക്കിയതെന്നും ബി.എൽ.ഒമാരായി പ്രവർത്തിക്കുന്നവർ ആരോപിക്കുന്നു.
ഇതോടൊപ്പം വീട്ടിലെ വോട്ട് സൗകര്യത്തിൽനിന്ന് അർഹരായ പലരും പുറത്തായിട്ടുണ്ട്. ഇതിനും ബി.എൽ.ഒമാരാണ് പ്രതിക്കൂട്ടിൽ. നേരത്തേ ബി.എൽ.ഒമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടന രൂപവത്കരിച്ചിരുന്നെങ്കിലും നിയമവിരുദ്ധമെന്ന് കാണിച്ച് നടപടിയെടുത്തതോടെ ഇവർക്ക് സംഘടന സംവിധാനവും നിലവിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.