ഓണ്‍ലൈനില്‍ ബോര്‍ഡുകളുയര്‍ന്നു; ഓഫ്ലൈനിൽ നേര്‍ക്കുനേര്‍ പ്രചാരണം
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പേ ജില്ലയില്‍ 'ഓണ്‍ലൈനിലും ഓഫ് ലൈനിലും' പ്രചാരണത്തിന് തുടക്കമിട്ട് സ്ഥാനാര്‍ഥികള്‍. പഞ്ചായത്തിലേക്കും നഗരസഭയിലേക്കും മത്സരിക്കുന്നവരാണ് വോട്ടുതേടാന്‍ തുടങ്ങിയത്. സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പാര്‍ട്ടികളെല്ലാം സജീവമായി രംഗത്തുണ്ട്.
അതത് വാര്‍ഡുകളിലെ മുതിര്‍ന്ന പൗരന്മാരെ കണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിലാണ് ചിലര്‍. പടലപ്പിണക്കങ്ങളും വ്യക്തിപരമായ പരിഭവങ്ങളും വഴക്കുകളും പരിഹരിക്കാനും ചില പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളും ശ്രമിക്കുന്നു. വാര്‍ഡുകളില്‍ സ്വാധീനമുള്ള, കൂടുതല്‍ അംഗബലമുള്ള വീടുകളിലാണ് സ്ഥാനാര്‍ഥികള്‍ ആദ്യമത്തെുന്നത്.
പത്തില്‍ താഴെ വോട്ടിന് ജയിച്ച നിരവധി പഞ്ചായത്ത് വാര്‍ഡുകളാണ് ജില്ലയിലുള്ളത്. ഇത്തരം വാര്‍ഡുകളില്‍ ഓരോ വോട്ടിനും മൂല്യം കൂടും. റസിഡൻറ്സ് അസോസിയേഷനുകള്‍ വഴിയുള്ള വോട്ടുപിടിത്തത്തിനും തുടക്കമായിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ അതത് വാര്‍ഡില്‍ ഭൂരിപക്ഷമുള്ള സമുദായത്തിലെ സ്ഥാനാര്‍ഥികളെയാണ് എല്‍.ഡി.എഫും യു.ഡി.എഫും മിക്കയിടത്തും രംഗത്തിറക്കുന്നത്. ജാതിസമവാക്യവും തെറ്റാതെ നോക്കുന്നുണ്ട്. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല.
നിലവില്‍ വാര്‍ഡിനെ പ്രതിനിധാനംചെയ്യുന്ന പാര്‍ട്ടികള്‍ വികസനനേട്ടങ്ങളുടെ പട്ടികയുമായാണ് പ്രചാരണത്തിനിറങ്ങുന്നത്. ക്ഷേമപെന്‍ഷനുകള്‍ മുതല്‍ വൈദ്യുതി തൂണിലെ എല്‍.ഇ.ഡി ബള്‍ബുകളുടെ എണ്ണം വരെ ചൂണ്ടിക്കാട്ടിയാണ് വോട്ടുപിടിത്തം.
കോവിഡ് വ്യാപനമുള്ളതിനാല്‍ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനും തുടക്കമായി. 'ഓണ്‍ലൈനില്‍' വോട്ടുപിടിത്തം മാത്രമല്ല, ബോര്‍ഡുകളും ഉയര്‍ന്നുകഴിഞ്ഞു.
വോട്ടഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഫേസ്ബുക്കില്‍ പോസ്റ്റുകളും പോസ്റ്ററുകളും 'പതിച്ച്' തുടങ്ങി. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാത്ത ഇടങ്ങളില്‍, മത്സരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നം വെച്ചും സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ട്. മത്സരിക്കുമെന്ന സൂചന നല്കി സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ യു.ഡി.എഫില്‍ തലപൊക്കിയെങ്കിലും നേതൃത്വം കണ്ണുരുട്ടിയതിനാല്‍ പോസ്റ്റുകള്‍ ഡീലീറ്റ് ചെയ്തു.
വാട്സ് ആപ് ഗ്രൂപ്പുകളിലും തെരഞ്ഞെടുപ്പ് ചൂടായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമുള്ളതും 'എെൻറ നാട്' 'നാം നാട്ടുകാര്‍', 'ഗ്രാമഭംഗി', കോവിഡ് വിശേഷം' തുടങ്ങിയ പേരുകളില്‍ പൊതുവായും വാട്സ് ആപ് ഗ്രൂപ്പുകളുണ്ടാക്കിയാണ് ചില പഞ്ചായത്തുകളില്‍ മൂന്ന് മുന്നണികളും അങ്കം നടത്തുന്നത്.
ഓണ്‍ലൈന്‍ വഴിയുള്ള പ്രചാരണം എത്രശക്തമാക്കിയാലും നേരിട്ട് കണ്ട് വോട്ടുറപ്പിക്കണമെന്ന നിര്‍ദേശവും എല്ലാ പാര്‍ട്ടി നേതൃത്വങ്ങളും കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ ആദ്യവാരം നടക്കുന്ന തെരഞ്ഞെടുപ്പിെൻറ തീയതി അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.