കാലിക്കറ്റിൽ സേവനത്തിന് കോഴ: മാതൃകാപരമായ നടപടി സ്വീകരിക്കും
text_fieldsകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ ഭവനിലെ സേവനങ്ങള്‍ക്ക് കോഴ ഈടാക്കിയെന്ന പരാതിയില്‍ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങൾ. വിഷയം ചര്‍ച്ച ചെയ്യാന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാലയുടെ ചരിത്രത്തിലെ ആദ്യ സംഭവമെന്ന നിലയില്‍ ഗൗരവത്തോടെയാണ് പ്രശ്നത്തെ കാണുന്നതെന്നും ഇത്തരം പരാതികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. കോഴ ആരോപണത്തില്‍ അന്വേഷണ ഭാഗമായി പരീക്ഷ ഭവനിലെ ഒരു അസിസ്റ്റന്റിനെയും ഒരു അസി. സെക്ഷന്‍ ഓഫിസറെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ജീവനക്കാരുടെ സംഘടന നേതാക്കള്‍, പരീക്ഷഭവനിലെ വിവിധ ബ്രാഞ്ച് മേധാവികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷ കണ്ട്രോളര് ഡോ. ഗോഡ്വിന് സാം രാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, ഡോ. എം. മനോഹരന്, അഡ്വ. ടോം കെ. തോമസ് തുടങ്ങിയവരും പങ്കെടുത്തു. പരീക്ഷഭവന് സേവനങ്ങള്‍ വേഗത്തിലും സുതാര്യമായും ലഭിക്കുന്നതിന് പൂര്‍ണ രീതിയില്‍ ഡിജിറ്റലൈസേഷനും ഫ്രണ്ട് ഓഫിസ് സംവിധാനവും നടപ്പാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.