കാരശ്ശേരിയിലെ ബഡ്സ് സ്കൂൾ, പാലിയേറ്റിവ് പ്രശ്നങ്ങൾ; പ്രതിഷേധവുമായി ഇടത് അംഗങ്ങൾ
text_fieldsമുക്കം: പാലിയേറ്റിവ് ഹോം കെയർ, ബഡ്സ് സ്കൂൾ വിഷയങ്ങളുമായി ബന്ധപ്പെട്ട് കാരശ്ശേരി പഞ്ചായത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ഇടതുപക്ഷ അംഗങ്ങൾ. പാലിയേറ്റിവ് ഹോം കെയർ നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാര നടപടി സ്വീകരിക്കാത്തതിലും പഞ്ചായത്ത് വക ഭൂമിയുണ്ടായിട്ടും പദ്ധതിക്ക് അനുയോജ്യമല്ലാത്ത റവന്യൂ ഭൂമിയിൽ ബഡ്സ് സ്കൂൾ സ്ഥാപിക്കാനുള്ള നീക്കത്തിനുമെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഇടത് അംഗങ്ങൾ പറഞ്ഞു.
വർഷങ്ങളായി നല്ലനിലയിൽ പ്രവർത്തിച്ചുവന്ന പാലിയേറ്റിവ് പ്രവർത്തനം പൂർണമായും നിലച്ചിരിക്കയാണ്.
ഇതിന്റെ വാഹനം എവിടെയാണെന്നുപോലും അറിയില്ല. മുമ്പുണ്ടായിരുന്ന ഡ്രൈവറെ രാഷ്ട്രീയ കാരണങ്ങളാൽ മാറ്റി പുതുതായിവെച്ച ഡ്രൈവർമാരുടെ തോന്നിയതുപോലുള്ള പ്രവർത്തനം വാഹനത്തിന്റെ നാശത്തിന് വഴിവെച്ചുവെന്നും അവർ പറഞ്ഞു.
ജില്ല കലക്ടർ ചെയർമാനായ ജില്ല മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റ്, ബഡ്സ് സ്കൂൾ നിർമിക്കാൻ കാരശ്ശേരിക്ക് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപകൂടി വകയിരുത്തി പഞ്ചായത്ത് വക സ്ഥലത്ത് സ്കൂൾ നിർമിക്കാമെന്ന് ട്രസ്റ്റ് യോഗത്തിൽ പ്രസിഡന്റ് ഉറപ്പുനൽകിയിരുന്നു.
വർഷത്തിൽ പലതവണ വെള്ളം കയറുന്ന റവന്യൂ ഭൂമിയിൽ ബഡ്സ് സ്കൂൾ നിർമിക്കാനാണ് ശ്രമിക്കുന്നത്. ഈ ഭൂമി പഞ്ചായത്തിന് വിട്ടുകിട്ടിയിട്ടില്ലെന്ന് മാത്രമല്ല, ഇത് മിച്ചഭൂമിയുമാണ്. ഭൂരഹിതർക്ക് പതിച്ചുനൽകേണ്ട പ്രസ്തുത ഭൂമിയിൽ ബഡ്സ് സ്കൂൾ നിർമിക്കുക പ്രായോഗികമല്ല.
റവന്യൂ വകുപ്പിൽനിന്ന് ഇത്തരം ആവശ്യങ്ങൾക്ക് ഭൂമി ലഭിക്കാനും പ്രയാസമാണ്. എന്നാൽ, ലഭ്യമായ ഫണ്ട് ഉപയോഗിച്ച് സ്കൂളിന്റെ പണി ഈ വർഷംതന്നെ പൂർത്തിയാക്കേണ്ടതുണ്ട്. ഭൂമി സംബന്ധിച്ച് പ്രതിസന്ധി ഉയർന്നാൽ പ്രസ്തുത സ്കൂൾ കാരശ്ശേരിക്ക് നഷ്ടമാകും. കളരിക്കണ്ടിയിലെ ശിശുമന്ദിരത്തിന് സമീപം സ്കൂൾ സ്ഥാപിക്കാനാവശ്യമായ ഭൂമിയുണ്ടെങ്കിലും ഭരണാധികാരികൾ അതിന് തയാറാകുന്നില്ല.
ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം നടന്ന ഭരണസമിതിയിൽ അടിയന്തര പ്രമേയത്തിലൂടെ ഉന്നയിച്ചെങ്കിലും നിഷേധാത്മക സമീപനമാണ് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചതെന്നും ഈ സാഹചര്യത്തിലാണ് ബഹുജന പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികൾ ആരംഭിക്കുന്നതെന്നും ഇടത് അംഗങ്ങളായ ശിവദാസൻ കാരോട്ടിൽ, കെ.പി. ഷാജി, എം.ആർ. സുകുമാരൻ, ഇ.പി. അജിത്ത്, കെ.കെ. നൗഷാദ്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ പറഞ്ഞു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത പറഞ്ഞു.
പാലിയേറ്റിവ് ഹോം കെയർ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിച്ചുവരുകയാണെന്നും ബഡ്സ് സ്കൂളുമായി ബന്ധപ്പെട്ട രേഖകൾ കലക്ടർക്ക് സമർപ്പിച്ചതായും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.